തൃശ്ശൂർ: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് സാക്ഷിയാവുകയാണ് കരുവന്നൂർ സഹകരണ ബാങ്ക്. മേൽ ഉദ്യോഗസ്ഥരുടെയടക്കം ഒത്താശയോടെ നടന്ന തട്ടിപ്പിൽ കോടികളാണ് ഇതുവരേയ്ക്കും നഷ്ടപ്പെട്ടിട്ടുള്ളത്. സെക്രട്ടറി ഉൾപ്പെടെ ബാങ്കിന്റെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ് തട്ടിപ്പിന് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചു വിട്ടിരുന്നു. 13 അംഗഭരണസമിതിയാണ് പിരിച്ചു വിട്ടത്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.
പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല.
ബാങ്കിൽ നിന്ന് അനുവദിച്ച പല വായ്പ്പകൾക്കും മതിയായ രേഖയില്ല. ഭൂമിയുടെ മതിപ്പ് വില പരിഗണിക്കാതെയാണ് തുക അനുവദിച്ചത്. 9 സെന്റ് ഭൂമിയ്ക്ക് നൽകിയത് 9.5 കോടി രൂപയാണെന്നാണ് കണ്ടെത്തൽ. ക്രമക്കേടുകളും തട്ടിപ്പുകളും പരിശോധിക്കുന്നതിനു വേണ്ടി സഹകരണവകുപ്പ് മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments