കൊച്ചി: അര്‍ജുന് കുരുക്കായി ഭാര്യയുടെ മൊഴി. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ക്രിമിനല്‍ ബന്ധങ്ങളെ പറ്റി സുഹൃത്തുക്കളും അടുത്ത ബന്ധുവും മുന്നറിയിപ്പു നല്‍കിയതായി ഭാര്യ അമല കസ്റ്റംസിനോടു വെളിപ്പെടുത്തി. അര്‍ജുന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. അര്‍ജുനു സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നു ഭാര്യ സ്ഥിരീകരിച്ചതായും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.
എല്‍.എല്‍.ബി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന കൊല്ലം സ്വദേശിനിയായ അമല അര്‍ജുന്‍ ആയങ്കി എന്ന സ്വര്‍ണ്ണക്കടത്തുകാരനുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുലാണ് വിവാഹിതരായത്. അഴീക്കല്‍ കപ്പക്കടവില്‍ അര്‍ജുന്‍ പുതുതായി എടുത്ത വീട്ടിലാണ് ഇവര്‍ താമസിച്ചു വന്നത്. സ്വര്‍ണ്ണക്കടത്തു പണം കൊണ്ട് സമ്പാദിച്ചതായിരുന്നു ഈ വീടും. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇവര്‍ തമ്മില്‍ നീണ്ട നാളത്തെ പ്രണയത്തെ തുടര്‍ന്ന് വിവാഹിതരായത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
അര്‍ജുന് വരവില്‍ കവിഞ്ഞ് ചിലവുണ്ടായിരുന്നെന്നും വരുമാനമില്ലാതിരുന്നിട്ടും ആര്‍ഭാടജീവിതമായിരുന്നു നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചെല്ലാം അമലയ്ക്കും അറിവുണ്ടായിരുന്നു. അതേസമയം അമലയുടെ മൊഴിയും കണക്കിലെടുത്താണ് കസ്റ്റംസിന്റെ നീക്കം.
ക്രിമിനല്‍ ബന്ധമുള്ള അര്‍ജുനു ജാമ്യം ലഭിച്ചാല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ഗുണ്ടാസംഘവുമായി അര്‍ജുന് അടുത്ത ബന്ധമുണ്ട്. അര്‍ജുന്‍, ഭാര്യ എന്നിവരുടെ മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധിപറയും.
Post Your Comments