
യൂറോപ്യന്‍ രാജ്യങ്ങളായ സ്പെയിനിലും പോര്‍ച്ചുഗലിലും വന്‍തോതില്‍ വൈദ്യുതി മുടക്കം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും വൈദ്യുതി നിലച്ചതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിലെ ചില നഗരങ്ങളെയും ഈ വൈദ്യുതി മുടക്കം ബാധിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈദ്യുതി തടസ്സത്തിനുള്ള കാരണങ്ങള്‍ വിശകലനം ചെയ്യുകയാണെന്നും സ്പെയിനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയായ റെഡ് ഇലക്ട്രിക്ക അറിയിച്ചു. ‘ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട്’ എന്ന് ഗ്രിഡ് ഓപ്പറേറ്റര്‍ പറഞ്ഞു.
വൈദ്യുതി മുടക്കം വാര്‍ഷിക കളിമണ്‍ കോര്‍ട്ട് ടെന്നീസ് ടൂര്‍ണമെന്റായ മാഡ്രിഡ് ഓപ്പണിനെയും ബാധിച്ചു, കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. മത്സരം നിര്‍ത്തിവച്ചതിനാല്‍ ബ്രിട്ടീഷ് ടെന്നീസ് കളിക്കാരന്‍ ജേക്കബ് ഫിയര്‍ലിക്ക് കോര്‍ട്ട് വിടേണ്ടി വന്നു. വൈദ്യുതി മുടക്കം ടൂര്‍ണമെന്റിന്റെ സ്‌കോര്‍ബോര്‍ഡിനെ ബാധിക്കുകയും കോര്‍ട്ടിന് മുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തു.
സ്‌പെയിനിലും പോര്‍ച്ചുഗലിലും ഇത്തരം വ്യാപകമായ വൈദ്യുതി മുടക്കം അപൂര്‍വമാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30 ഓടെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വലിയ വൈദ്യുതി മുടക്കം ഉണ്ടായതായി സ്‌പെയിനിന്റെ പൊതു പ്രക്ഷേപകനായ ആര്‍ടിവിഇ അറിയിച്ചു, ഇത് അവരുടെ ന്യൂസ് റൂമും മാഡ്രിഡിലെ സ്പാനിഷ് പാര്‍ലമെന്റും രാജ്യത്തുടനീളമുള്ള മെട്രോ സ്റ്റേഷനുകളും ഇരുട്ടില്‍ ആക്കി.
എന്തുകൊണ്ടാണ് പെട്ടെന്ന് വൈദ്യുതി പോയത്?
10.6 ദശലക്ഷം ജനങ്ങളുള്ള പോര്‍ച്ചുഗലില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടത് തലസ്ഥാനമായ ലിസ്ബണിനെയും പരിസര പ്രദേശങ്ങളെയും രാജ്യത്തിന്റെ വടക്കന്‍, തെക്കന്‍ ഭാഗങ്ങളെയും ബാധിച്ചു. ‘യൂറോപ്യന്‍ വൈദ്യുതി സംവിധാനത്തിലെ ഒരു പ്രശ്നമാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന്’ പോര്‍ച്ചുഗീസ് വൈദ്യുതി വിതരണക്കാരായ ഇ-റെഡെസ് പറഞ്ഞതായി പോര്‍ച്ചുഗീസ് പത്രമായ എക്‌സ്പ്രസ്സോ റിപ്പോര്‍ട്ട് ചെയ്യുന്നു.
എക്‌സ്പ്രസ്സോയുടെ റിപ്പോര്‍ട്ട് പ്രകാരം, നെറ്റ്വര്‍ക്ക് പുനഃസ്ഥാപിക്കാന്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കേണ്ടിവന്നു. ഫ്രാന്‍സിന്റെ ചില ഭാഗങ്ങളെയും ഇത് ബാധിച്ചതായി ഇ-റെഡെസ് പറഞ്ഞു.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകളും പ്രവര്‍ത്തനരഹിതമായി. ലിസ്ബണ്‍ സബ്വേ ഓട്ടം നിര്‍ത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തിലെ ട്രാഫിക് ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി.
Post Your Comments