ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന രണ്ട് നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലങ്ങള്‍ തമ്മിലുള്ള വാത്സല്യത്തിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ വൈറലാവുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബ്രയാന്‍ സ്‌കെറിയാണ് ഡ്രോണ്‍ ഉപയോഗിച്ച് ഈ ദൃശ്യം പകര്‍ത്തിയത്. ഹൃദയ സ്പര്‍ശിയായ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
വംശനാശഭീഷണി നേരിടുന്ന ഇവയുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനും വേണ്ടി വുഡ്‌സ് ഹോള്‍ ഓഷ്യാനോഗ്രഫിക് ഇന്‍സ്റ്റിറ്റിയൂഷനിലെ ഗവേഷകര്‍ ബ്രയാനെ ചുമതലപ്പെടുത്തുകയായിരുന്നു. നിരീക്ഷണത്തിനിടെയാണ് ഇത്തരത്തിലൊരു അപൂര്‍വ കാഴ്ച ബ്രയാന്‍ കണ്ടത്. മസാച്യുസെറ്റ്‌സിലെ കേപ് കോഡ് ഉള്‍ക്കടലിലാണ് രണ്ട് തിമിംഗലങ്ങളും പരസ്പരം കെട്ടിപ്പിടിച്ചത്.
വശങ്ങളിലെ ചിറകുകള്‍ ഉപയോഗിച്ച് അവ പരസ്പരം കെട്ടിപ്പിടിക്കുന്ന ദൃശ്യം കണ്ട ഗവേഷകര്‍ പറഞ്ഞത് ഇതാദ്യമായാണ് തിമിംഗലങ്ങളിള്‍ ഇത്തരമൊരു പെരുമാറ്റം കണ്ടെത്തുന്നതെന്നായിരുന്നു. 1890 കള്‍ മുതല്‍ ഇവ വേട്ടയാടപ്പെടുന്നതിനാലാണ് ഇവ വംശനാശത്തിന്റെ വക്കിലെത്തിയത്. അതേസമയം ഇണ ചേരുന്നതിന് മുന്നോടിയായിട്ടാകാം അവ സ്‌നേഹപ്രകടനം നടത്തിയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
വേനല്‍ക്കാലത്ത് നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലങ്ങള്‍ കരീബിയനില്‍ നിന്നും വടക്കുകിഴക്കന്‍ അമേരിക്കയിലെയും കാനഡയിലെയും സമുദ്രങ്ങളില്‍ പ്രജനനം നടത്തുന്നതിനായി ഇവയെത്താറുണ്ട്. ഇവയുടെ എണ്ണം ആകെ നാനൂറില്‍ താഴെ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments