കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയകളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് മൈക്ക് ടെസ്റ്റ് നടത്തികൊണ്ട് അതിമനോഹരമായി ഗാനം ആലപിക്കുന്ന ഒരു കുഞ്ഞ് ഗായകന്റെ വീഡിയോ. ജാതവേദ് കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഒരൊറ്റ പാട്ടിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ആ കുഞ്ഞിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേദുകുട്ടൻ എന്നാണ് കുട്ടിയുടെ അമ്മ അവനെ വിളിക്കുന്നത്. തൃശൂര്‍ സ്വദേശിയും മാതൃഭൂമി ന്യൂസ് വിഷ്വല്‍ എഡിറ്ററുമായ വൈശാഖ് കൃഷ്ണന്റേയും മൃദുലയുടേയും മകനാണ് ജാതവേദ്. വേദുക്കുട്ടന്‍ ഏറെ രോഗങ്ങളോട് പടവെട്ടി ഉയർത്തെഴുന്നേറ്റ ആളാണെന്ന് അമ്മ പറയുന്നു. മാതൃഭൂമിയാണ് ഈ കുട്ടിയുടെ കഥ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറത്ത് വെച്ച് നടന്ന മൃദുലയുടെ അച്ഛന്റെ എഴുപതാം പിറന്നാളാഘോഷത്തിനിടെ പാടിയ പാട്ടാണ് വൈറലായത്. ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുഞ്ഞായിരുന്നു വേദുക്കുട്ടന്‍. മുച്ചുണ്ട് ഉണ്ടായിരുന്നത് കൊണ്ട് അതിന്റെ ബുദ്ധിമുട്ടുകൾ ആയിരിക്കും എല്ലാമെന്ന് കരുതിയിരുന്നു എങ്കിലും അത് മാത്രമായിരുന്നില്ല. മുച്ചുണ്ട് സര്‍ജറിക്കായുള്ള പരിശോധനകള്‍ക്കിടെയാണ് ഇടക്കിടെ എത്തുന്ന ശ്വാസതടസം മുച്ചുണ്ടിന്റെ പ്രശ്‌നമല്ലെന്നും ഗുരുതരമായ ന്യൂറോ സംബന്ധിയായ രോഗമാണെന്നും ഡോക്ടർ കണ്ടെത്തുന്നത്.
പിന്നീടങ്ങോട്ട് നിരവധി ചികിത്സകൾ. ആശുപത്രിയിൽ കഴിഞ്ഞ നാളുകൾ. മൂന്നര മാസം പ്രായമുള്ളപ്പോൾ ആദ്യത്തെ സർജറി. സര്‍ജറി കഴിഞ്ഞ് ഒരു മാസത്തിന് മേലെ മുറിക്ക് പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ല. കുഞ്ഞ് ഒന്ന് അനങ്ങുകപോലും ചെയ്യരുത് എന്നാണ് ഡോക്ടർ പറഞ്ഞത്. രാവും പകലും ഓരോരുത്തരും മാറി മാറി കുഞ്ഞിന്റെ അടുത്ത് തന്നെ നില്‍ക്കും. ആ സര്‍ജറി ചെയ്ത് മോന്‍ പൂര്‍ണ ആരോഗ്യവാനായതിന് ശേഷം ഏഴാം മാസത്തിലാണ് മുച്ചുണ്ടിന്റെ സർജറി ചെയ്തത്. സർജറിയും അസുഖവും കുഞ്ഞന്റെ വളർച്ച അൽപ്പം പതുക്കെ ആക്കി. എങ്കിലും ഒരു വയസ് കഴിഞ്ഞപ്പോൾ തല ഉറച്ചു, മൂന്ന് വയസിൽ നടന്നു തുടങ്ങി, അടുത്തുള്ള പ്ലേ സ്‌കൂളിൽ പോയി തുടങ്ങി. വേദുക്കുട്ടന് ആശംസകൾ നേരുകയാണ് മലയാളികൾ.
Post Your Comments