നാട്ടുകാര്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്ന ശബ്‍ദവുമായി അലറിപ്പാഞ്ഞിരുന്ന കാറിനെ കുടുക്കി മോട്ടോര്‍വാഹന വകുപ്പ്. ആലപ്പുഴയിലാണ് സംഭവം. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി അന്തരീക്ഷ, ശബ്‍ദ മലിനീകരണമുണ്ടാക്കിയ അമ്പലപ്പുഴ സ്വദേശിയായ യുവാവിന്‍റെ ഉടമസ്ഥതയിലുള്ള ആഡംബര കാറാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്‍റെ സൈലന്‍സര്‍ മാറ്റിയശേഷം മറ്റൊരു കമ്പനിയുടെ സൈലന്‍സര്‍ ഘടിപ്പിക്കുകയായിരുന്നു. ഇതോടെ കാറോടുമ്പോള്‍ ആളുകളെ ഭയപ്പെടുത്തുന്ന ശബ്‍ദമായിരുന്നു പുറത്തുവന്നിരുന്നത്. ശല്യം സഹിക്ക വയ്യാതെ നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് യുവാവിന്‍റെ വീട്ടിലെത്തിയാണ് അധികൃതര്‍ കാര്‍ പിടിച്ചെടുത്തത്.
പിടികൂടുമ്പോള്‍ അടിമുടി രൂപമാറ്റംവരുത്തിയ നിലയിലായിരുന്നു വാഹനം. കാറില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തിനു കാരണമായ രീതിയില്‍ അമിതമായി പുക പുറത്തേക്കു തള്ളുന്നുവെന്നും കണ്ടെത്തി. മാത്രമല്ല കാറിന് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു. ചക്രങ്ങളുടെ വീല്‍ ബെയ്‍സ് ഇളക്കി മാറ്റി പകരം ഘടിപ്പിച്ച നിലയിലും ഗ്ലാസുകളില്‍ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയിലും ആയിരുന്നു. 18,500 രൂപ കാര്‍ ഉടമയായ യുവാവില്‍ നിന്നും പിഴ ഈടാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ വര്‍ക്ക് ഷോപ്പിലേക്കു മാറ്റിയതായും പത്തു ദിവസത്തിനുള്ളില്‍ കാര്‍ പഴയ രീതിയിലാക്കി മലിനീകരണ നിയന്ത്രണമുള്ളതാക്കണമെന്നും അല്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദു ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments