ഇതിഹാസ താരം സുനിൽ ഗവാസ്കറിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മധ്യനിര ബാറ്റ്സ് മാനായി കരിയർ ആരംഭിച്ച വീരുവിന് ഓപ്പണിങ് സ്ഥാനത്തേക്ക് പ്രൊമോഷൻ നൽകിയത് ഗാംഗുലി ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു.
1999ൽ പാകിസ്താനെതിരായ ഏകദിനത്തിൽ അജയ് ജഡേജയ്ക്ക് കീഴിൽ കളിച്ചാണ് സെവാഗ് അരങ്ങേറിയത്. ആറാം നമ്പറിലായിരുന്നു തുടക്കകാലത്ത് വീരു ബാറ്റ് ചെയ്തിരുന്നത്. എന്നാൽ 2002ൽ ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ ഓപ്പണറായി ഇറങ്ങാൻ അന്നത്തെ ക്യാപ്റ്റനായ ഗാംഗുലി ആവശ്യപ്പെട്ടിരുന്നു.
തുടക്കത്തിൽ സെവാഗ് സമ്മതിച്ചില്ല. മുമ്പൊരിക്കലും താൻ ഓപ്പണറായി കളിച്ചിട്ടില്ലെന്നും മധ്യനിര ബാറ്റ്സ്മാനായി മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളതെന്നും സെവാഗ് പറഞ്ഞിരുന്നു. ഒടുവിൽ ഓപ്പൺ ചെയ്യാൻ വീരു സമ്മതം മൂളി. ഇപ്പോൾ നോക്കൂ, അവിടെ നിന്നും അദ്ദേഹം എവിടെയെത്തി നിൽക്കുന്നു. എക്കാലത്തെയും മികച്ച ഓപ്പൺമാരിൽ ഒരാളായി മാറിയിരിക്കുകയാണ് വീരു. ഗവാസ്കറിനുശേഷം ടെസ്റ്റിൽ വീരുവിനേക്കാൾ മികച്ചൊരു ഇന്ത്യൻ ഓപ്പണർ താൻ കണ്ടിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു.
Post Your Comments