
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഷീലയുടെ മരുമകളുടെ സഹോദരി ലിവിയ ജോസും കേസിൽ പ്രതിയാകും. സ്കൂട്ടറിൽ വ്യാജ എൽഎസ്ഡി സ്റ്റാംപ് വെച്ചത് ലിവിയ ആണെന്ന് ഇന്നലെ കേസിൽ പിടിയിലായ മുഖ്യപ്രതി നാരായണദാസ് കുറ്റസമ്മത മൊഴി നൽകി. ലിവിയയെ പ്രതി ചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പോലീസ് അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ലിവിയ ദുബായിലേക്ക് കടന്നു. ദുബായിലുള്ള ലിവിയയെ തിരികെയെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. മാർച്ച് ആറിനാണ് ലിവിയ ദുബായിലേക്ക് പോയത്. മാർച്ച് ഏഴിനാണ് അന്വേഷണ സംഘം അന്വേഷണമേറ്റെടുത്തത്.
ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ കേസിൽ ഒന്നാംപ്രതിയായ നാരായണദാസ് ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്നതിനായ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.
ഷീലാ സണ്ണീക്കെതിരെ നടന്ന ഗൂഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു എന്നാൽ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം.
ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തുകയായിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്.
Post Your Comments