വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് മരണ നിരക്ക് മറച്ചുവെക്കുന്നു എന്ന ആരോപണവുമായാണ് ട്രംപ് ഇന്ത്യക്കെതിരെ കടന്നാക്രമിച്ചത്. ക്ലീവ് ലാന്‍ഡിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ നടന്ന സംവാദത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചു വയ്ക്കുകയാണെന്നും യഥാര്തത്തില് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ എത്രപേരാണ് മരിച്ചതെന്ന് അറിയില്ലെന്നും ഇന്ത്യക്ക് പുറമെ ചൈനയും റഷ്യയും മരണ നിരക്ക് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വാളാദിമര് പുടിന്റെ പട്ടിക്കുട്ടിയാണെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് പരിഹസിച്ചു. താന്‍ പുടിനോടു മുട്ടിനിന്നു, അദ്ദേഹത്തിനു കാര്യങ്ങള്‍ മനസിലാക്കി കൊടുത്തു എന്ന തരത്തിലുള്ള ട്രംപിന്റെ വാദങ്ങള്‍ ആരും സ്വീകരിക്കില്ലെന്നും ട്രംപ് പുടിന്റെ പട്ടിക്കുട്ടിയാണെന്നുമാണു ബൈഡന് പറഞ്ഞത്.
വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായാണ് ആദ്യ സംവാദം പൂര്‍ത്തിയായത്. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണു ട്രംപെന്നു പറഞ്ഞ ജോ ബൈഡന്, കോവിഡ് വാക്സിനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ടു. താന്‍ നികുതി വെട്ടിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് പൂര്‍ണമായും തള്ളി. വലതുപക്ഷമല്ല തീവ്ര ഇടതുനിലപാടുകാരാണു വംശീയ അതിക്രമങ്ങളുടെ ഉത്തരവാദികളെന്നും ട്രംപ് പറഞ്ഞു. ഇരുവരുടെയും ഇടപെടലുകള്‍ പരസ്പരം അതിരുവിട്ടപ്പോള്‍ അവതാരകന് ക്രിസ് വാലസിനു പലവട്ടം ഇടപെടേണ്ടിവന്നു.
Post Your Comments