USALatest NewsNewsInternational

ഫൊക്കാനയുടെ പേരിൽ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടികൾക്കൊരുങ്ങി ഔദ്യോഗിക നേതൃത്വം

ന്യൂയോർക്ക് : അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയിൽ നിന്ന് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും പേരിൽ പുറത്തായവർ വീണ്ടും ഫൊക്കാന ഭാരവാഹികൾ എന്ന വ്യാജേന ജനറൽ കൗൺസിൽ മീറ്റിംഗ് വിളിക്കുകയും മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ഫൊക്കാന ഔദ്യോഗിക നേതൃത്വം നിയമ നടപടികൾക്കൊരുങ്ങുന്നു.

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ അന്തർദേശീയ പ്രശസ്തി നേടിയ ഫൊക്കാന എന്ന മഹത് സംഘടനയെ തകർക്കുവാനും സംഘടനയുടെ യശ്ശസിനെ ഇല്ലാതാക്കുവാനും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയും, വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വം പൊതുജനങ്ങളോടും അംഗങ്ങളോടും അഭ്യർത്ഥിച്ചു.

ഫൊക്കാന ഔദ്യോഗിക നേതൃത്വത്തിന്റെ അറിവോടെയെന്ന വ്യാജേന തല്പര കക്ഷികൾ സെപ്റ്റംബർ 27 ന് സൂം ജനറൽ കൗൺസിൽ മീറ്റിംഗ് വിളിച്ചു കൂട്ടിയെന്നും ഫൊക്കാനയുടെ ഔദ്യോഗിക പ്രസിഡന്റ് മാധവൻ ബി നായരെയും മറ്റ് ഭാരവാഹികളെയും പുറത്താക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു എന്നുമാണ് വാർത്ത പ്രചരിപ്പിക്കുന്നത്. ഫൊക്കാനയ്ക്ക് സത്ക്രിയമായി പ്രവർത്തിക്കുന്ന പ്രസിഡന്റും ജനറൽ സെക്രട്ടറിയും മറ്റ് ഭാരവാഹികളും നിലവിലുണ്ടെന്നും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിന്റെ പേരിൽ പുറത്താക്കിയവർക്ക് പകരം പുതിയ ഭാരവാഹികളെ ഫൊക്കാന ഭരണഘടനാനുസൃതം തെരഞ്ഞെടുത്തുണ്ടെന്നും സമിതികൾ പുനസംഘടിപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.

ഔദ്യോഗിക നേതൃത്വം ജനറൽ കൗൺസിൽ യോഗം വിളിച്ചിട്ടില്ലെന്നും ഇത് അംഗ സംഘടനകളേയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുവാനുള്ള ബോധപൂർവമായ ശ്രമമാണെന്നും ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ജനറൽ സെക്രട്ടറി ടോമി കൊക്കാട്ട്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലൈസി അലക്സ്, ശ്രീകുമാർ ഉണ്ണിത്താൻ, എബ്രഹാം കളത്തിൽ,സുജ ജോസ്, ഷീല ജോസഫ്, വിജി നായർ എന്നിവർ അറിയിച്ചു. കഴിഞ്ഞ ജൂലൈ 27 ന് ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് നടന്നുവെന്ന് കാട്ടി വ്യാജ സന്ദേശങ്ങൾ അയച്ചവർക്കെതിരെ ഔദ്യോഗിക നേതൃത്വം നിയമ നടപടികൾ സ്വീകരിച്ചിരുന്നു.

Read Also :  റാലികളില്‍ നിന്ന് പ്രതികൂല ഫലമൊന്നുമില്ലെന്ന് ട്രംപ്, സ്വന്തം കാര്യം മാത്രം നോക്കുന്ന വിഡ്ഡിയെന്ന് ബീഡെന്‍

അനധികൃതമായി വ്യാജ തെരഞ്ഞെടുപ്പ് നടത്തിയവർക്കെതിരെ മൂന്നു പേര്‍ കോടതിയെ സമീപിക്കുകയും ന്യൂയോർക്ക് ക്വീന്‍സ് സുപ്രീം കോടതി തല്പരകക്ഷികൾ നടത്തിയ തെരഞ്ഞെടുപ്പ് അനധികൃതമാണെന്ന് നിരീക്ഷിക്കുകയും കോടതിയുടെ വിധി പ്രസ്താവിക്കും വരെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 12-ന് പുറപ്പെടുവിച്ച കോടതി ഉത്തരവ് (കേസ് നമ്പർ 712736/20) പ്രകാരം ഫൊക്കാനയുടെ ഔദ്യോഗിക കാര്യങ്ങളിൽ അനധികൃതമായി ഇടപെടരുതെന്നും, ഔദ്യോഗിക ഭാരവാഹികളുടെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തരുതെന്നും തല്പര കക്ഷികളെ കോടതി വിലക്കിയിരുന്നു. ആ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൊക്കാന ഔദ്യോഗിക നേതൃത്വമെന്ന വ്യാജേന തല്പര കക്ഷികൾ സെപ്റ്റംബർ 27 ന് വിളിച്ച സൂം കോൺഫറൻസ് കോടതിയലക്ഷ്യവും ഉത്തരവുകളുടെ ലംഘനവുമാണ്.

കൂടാതെ, ഫൊക്കാനയുടെ 2020-22 കമ്മിറ്റിക്ക് പ്രവർത്തനങ്ങൾ നടത്തുവാനും ജനറൽ കൗൺസിൽ നടത്തുവാനും യാതൊരു നിയമ തടസ്സവും നിലനിൽക്കുന്നില്ലെന്നും, ന്യൂയോര്‍ക്ക് കോടതിയിൽ നിന്നും കേസ് മെരിലാന്‍ഡ് ഡിസ്ട്രിക്ട് കോടതിയിലേക്ക് മാറ്റിയെന്നുമുള്ള വസ്തുതാവിരുദ്ധമായ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ പറഞ്ഞു. ഒക്ടോബര്‍ 22-നാണ് കേസിന്റെ വാദം ക്വീന്‍സ് കോടതിയില്‍ കേള്‍ക്കുന്നത്. ഇരു കക്ഷികളുടെയും വാദം കേട്ടതിനുശേഷമേ തീരുമാനമുണ്ടാകൂ എന്നിരിക്കെ മറ്റൊരു വിധത്തില്‍ വിവരങ്ങള്‍ വളച്ചൊടിക്കുന്നത് ഭൂഷണമല്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക നേതൃത്വം ഈ കേസില്‍ കക്ഷിയല്ല. അതുകൊണ്ട് തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം തടസ്സം കൂടാതെ നിര്‍‌വ്വഹിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് മാധവന്‍ ബി നായര്‍ പറഞ്ഞു. തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം അലക്സ് തോമസ് എന്നിവര്‍ ക്വീന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജി ഇപ്പോഴും അതേ കോടതിയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ആ കേസിന്റെ വിചാരണ സെപ്തംബര്‍ 3-ന് നടക്കാനിരിക്കെയാണ് കേസ് വിചാരണയ്ക്കായി ഒക്ടോബര്‍ 22-ലേക്ക് മാറ്റിവെച്ചതായ അറിയിപ്പ് സെപ്തംബര്‍ 2-ന് മേല്പറഞ്ഞ ഹര്‍ജിക്കാര്‍ക്ക് കിട്ടുന്നത്. അതില്‍ താന്‍ കക്ഷിയല്ല എന്ന് മാധവന്‍ നായര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പരസ്യപ്പെടുത്തി പൊതുജനങ്ങള്‍ക്കിടയിലും, അംഗസംഘടനകള്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് മാധവന്‍ ബി നായര്‍ അഭ്യര്‍ത്ഥിച്ചു.

കൊറോണ വൈറസിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് ഫൊക്കാനയുടെ ഔദ്യോഗിക നേതൃത്വം, അംഗ സംഘടനാ പ്രതിനിധികളുടെ അനുവാദത്തോടെ, കൺവൻഷനും തെരഞ്ഞെടുപ്പും 2021 ലേക്ക് മാറ്റി വെച്ചത്. ജൂൺ 11 നു ചേര്‍ന്ന നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്ത് തീരുമാനത്തിന് അനുകൂലിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരെ വസ്തുതാവിരുദ്ധമായ പ്രസ്താവനകളിറക്കുന്നതെന്ന് മാധവന്‍ ബി നായര്‍ പറഞ്ഞു. അന്നത്തെ തീരുമാനത്തില്‍ ഇതുവരെ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും, ഔദ്യോഗിക നേതൃത്വത്തിന്റെ ഭാരവാഹിത്വത്തിന് നിയമ സാധുതയും അംഗങ്ങളുടെ പിൻബലവും ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button