കോഴിക്കോട് : വികാസ് പട്ടേല്‍ എന്ന പേരില്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ചമഞ്ഞു നഗരത്തിലെ കടകളില്‍ തട്ടിപ്പ് ,വ്യക്തിയെ കണ്ടെത്താനാകാതെ പട്ടാളവും പൊലീസും . പട്ടാളക്കാരനാണെന്നു പരിചയപ്പെടുത്തി നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും വലിയ തുകയ്ക്കു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു സൈബര്‍ തട്ടിപ്പിനു ശ്രമിക്കുന്ന വ്യക്തിയെക്കുറിച്ചു രണ്ടു മാസത്തിനിടെ പലതവണ പരാതി വന്നിട്ടും ആളെ കണ്ടുപിടിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഒടുവില്‍ തട്ടിപ്പുകാരനെ പിടികൂടണം എന്നാവശ്യപ്പെട്ട് പൊലീസിനു പട്ടാളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതി നല്‍കി.
വെസ്റ്റ് ഹില്ലിലെ ആര്‍മി റിക്രൂട്ടിങ് ഓഫിസിലെയും എന്‍സിസി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി നഗരത്തിലെ കടകളില്‍ തട്ടിപ്പിനു ശ്രമിക്കുന്ന വികാസ് പട്ടേല്‍ എന്ന വ്യക്തി ആരാണെന്ന് ആര്‍മി അധികൃതര്‍ക്കുമറിയില്ല.
Read Also : ഐജി ചമഞ്ഞ് തട്ടിപ്പ്: അറസ്റ്റിലായ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍
ആര്‍മി ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രം ഉള്‍പ്പെടെ അയച്ചു നല്‍കിയാണു തട്ടിപ്പ്. ഒടുവില്‍ എന്‍സിസി ഹെഡ് ക്വാര്‍ട്ടര്‍ ഗ്രൂപ്പ് കമന്‍ഡാന്റ് ബ്രിഗേഡിയര്‍ എ.വി.രാജന്‍ ഉത്തരമേഖലാ ഐജി അശോക് യാദവിന് ഇന്നലെ പരാതി നല്‍കി. കഴിഞ്ഞ ദിവസം തൊണ്ടയാട് ബൈപാസിലുള്ള കോഫി ഷോപ്പില്‍ തട്ടിപ്പിനു ശ്രമം നടന്നതിനു പിന്നാലെയാണു ആര്‍മി ഉദ്യോഗസ്ഥരുടെ പരാതി.
നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും ഭക്ഷ്യസാധനങ്ങള്‍ക്കു ഫോണിലൂടെ ഓര്‍ഡര്‍ നല്‍കുകയും പണത്തിനായി എടിഎം കാര്‍ഡിന്റെ വിശദാംശങ്ങള്‍ ചോദിക്കുന്നതുമാണ് ഇയാളുടെ രീതി. അക്കൗണ്ട് നമ്ബര്‍ വഴിയുള്ള ഓണ്‍ലൈന്‍ പണമിടപാടും പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ചുള്ള പണമിടപാടും നടത്താമെന്നു കടയുടമകള്‍ പറയുമെങ്കിലും കാര്‍ഡ് ടു കാര്‍ഡ് ട്രാന്‍സ്ഫര്‍ ആണ് ആര്‍മിയുടെ രീതിയെന്നു പറഞ്ഞ് ഇയാള്‍ എടിഎം കാര്‍ഡിന്റെ ചിത്രം വാട്സാപ്പില്‍ അയയ്ക്കാന്‍ ആവശ്യപ്പെടും.
എടിഎം കാര്‍ഡ് വിവരങ്ങള്‍ നല്‍കാനാവില്ലെന്നു കടയുടമകള്‍ പറഞ്ഞാല്‍ ഓര്‍ഡര്‍ ചെയ്ത സാധനം വാങ്ങാന്‍ എത്തില്ല. പിന്നീട് വിളിച്ചാല്‍ ഫോണും എടുക്കില്ല. സംശയം തോന്നിയ കടയുടമകള്‍ പൊലീസിനെ സമീപിച്ചതോടെയാണ് സമാനമായ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്.
എല്ലാ പരാതിയിലും തട്ടിപ്പുകാരന്റെ പേര് ഒന്നു തന്നെ-വികാസ് പട്ടേല്‍. പട്ടാള യൂണിഫോമിട്ട വാട്സാപ് പ്രൊഫൈല്‍ ചിത്രം. വിശ്വാസ്യതയ്ക്കായി അയച്ചു നല്‍കിയവയില്‍ ആര്‍മി ഉദ്യോഗസ്ഥരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ മാത്രമല്ല. ആര്‍മി കന്റീനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള പാസിന്റെ ചിത്രവുമുണ്ട്
Post Your Comments