പാലക്കാട്: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഗൂഗിൾ മാപ്പ് റിവ്യൂ റേറ്റ് ചെയ്ത് വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പാലക്കാട് സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. 10 ലക്ഷം രൂപയാണ് നഷ്ടമായത്. കേസിൽ കൊടുവായൂർ സ്വദേശിയായ സായിദ് എന്ന യുവാവ് പോലീസിന്റെ പിടിയിലായി. സൈബർ ക്രൈം പോലീസാണ് സായിദിനെ പിടികൂടിയത്. ഇയാൾ തട്ടിപ്പ് ശൃംഖലയിലെ താഴത്തെ കണ്ണി മാത്രമാണെന്ന് പോലീസ് അറിയിച്ചു.
വിവിധ ബാങ്കുകളിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക, അത് കൈമാറുക, കൂടുതൽ പേരെ പരിചയപ്പെട്ട് തട്ടിപ്പ് നടത്തുക മുതലായ കാര്യങ്ങളാണ് താഴെക്കിടയിലുള്ള സംഘം പ്രധാനമായും ചെയ്യുന്നത്. തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കരങ്ങൾ ആരുടേതാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സ്വന്തമായി വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘം പ്രവർത്തിക്കുന്നത്.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്, റോഡ് ഷോ നടത്തും
ആദ്യ ഘട്ടത്തിൽ വീട്ടമ്മമാരുടെ വിശ്വാസം നേടിയെടുക്കാൻ ചെയ്യുന്ന ജോലിക്കുള്ള പണം കൃത്യമായി അക്കൗണ്ടിൽ ഇട്ട് നൽകും. തുടർന്ന് കൂടുതൽ ജോലി ലഭിക്കാൻ വീട്ടമ്മമാരിൽ നിന്ന് പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഭൂരിഭാഗം ആളുകളും നല്ല ജോലി ലഭിക്കാൻ ഇത്തരത്തിൽ പണം കൈമാറുകയും ചെയ്യും. പണം ലഭിച്ചാലുടൻ തട്ടിപ്പ് സംഘം മുങ്ങുന്നതാണ്.
Post Your Comments