Kerala

 പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ കോടികളുടെ തിരിമറി: പരിശോധനയ്ക്ക് മന്ത്രിയുടെ ഉത്തരവ് 

തേക്കടി: വനംവകുപ്പിന് കീഴിൽ തേക്കടിയിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ കോടികളുടെ തിരിമറി നടന്നെന്നുള്ള പരാതിയിൽ പരിശോധന. ഫൗണ്ടേഷനിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്നുള്ള പരാതിയിൽ വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ധനകാര്യ വകുപ്പിൽ നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന നടത്തുന്നത്.

2004 ലാണ് പെരിയാർ കടുവ സങ്കേതത്തിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ രൂപീകരിച്ചത്. കടുവ സങ്കേതത്തിൻറെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം നൽകാനായിരുന്നു ഇത് രൂപീകരിച്ചത്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമാണ് പ്രവർത്തനം. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളിൽ നിന്നും ഈടാക്കുന്ന സർചാർ‍ജ്, വിവിധ ഏജൻസികളിൽ നിന്നും ലഭിക്കുന്ന പണം എന്നിവയൊക്കെ ഫൗണ്ടേഷനിലാണെത്തുന്നത്.

കടുവ സങ്കേതം ഫീൽഡ് ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും അനുമതിയോടെ പണം വിവിധ ആവശ്യങ്ങൾക്കായി ചെലവാക്കുന്നതിൽ വൻതിരിമറി നടക്കുന്നതായി നോൺ ഗസറ്റഡ് എംപ്ലോയീസ് അസ്സോസിയേഷനാണ് മന്ത്രിക്ക് പരാതി നൽകിയത്. പലതരത്തിലുള്ള അറ്റകുറ്റപ്പണികൾക്ക് ലക്ഷക്കണക്കിന് രൂപയാണ് വർഷം തോറും ചെലവാക്കുന്നത്.

വിവിധ ആവശ്യങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വാങ്ങുന്നതിന് സർക്കാർ നിയമ പ്രകാരമുള്ള ടെൻഡർ നടപടികളൊന്നുമില്ല. ഉദ്യോഗസ്ഥർക്ക് പണികൾക്കായി മുൻകൂർ നൽകുന്ന പണം ട്രഷറിയിൽ നിന്നും ലഭിക്കുമ്പോൾ തിരികെ അടക്കണമെന്നാണ് നിയമം. നിശ്ചിത കാലയളവിനുള്ള അടച്ചില്ലെങ്കിൽ 18 ശതമാനം പലിശ ഈടാക്കണം. ഈയിനത്തിൽ കോടിക്കണക്കിനു രൂപ ഫൗണ്ടേഷനു കിട്ടാനുണ്ടെന്ന് സ്വകാര്യ കമ്പനിയുടെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു.

പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്നുണ്ടെങ്കിലും സർക്കാർ ഓഡിറ്റിംഗ് ഒന്നുമില്ല. ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധ നടത്തണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടത്. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തുന്നത്. ആദ്യമായാണ് ധനകാര്യ വിഭാഗത്തിൻറെ പരിശോധന ഫൗണ്ടേഷനിൽ നടക്കുന്നത്. പരിശോധന നടക്കുമെന്നറിഞ്ഞ് പിഴവുകൾ പരിഹരിക്കാൻ അവധി ദിവസമായ ഞായറാഴ്ച തേക്കടിയിലെ വനംവകുപ്പ് ഓഫീസുകൾ പ്രവർത്തിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button