കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വന്‍ തുക തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജറും എറണാകുളം സ്വദേശിയുമായ ശ്യാംജിത്തിനെയാണ് കസബ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ലക്ഷങ്ങള്‍ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സുകള്‍ നടത്തി എന്ന പരാതിയിലാണ് ശ്യാംജിത്ത് പിടിയിലായത്. ഡയാലിസിസ് ടെക്‌നീഷ്യന്‍, റേഡിയോളജി ടെക്‌നീഷ്യന്‍ എന്നിങ്ങനെയുള്ള കോഴ്‌സുകള്‍ ആണ് നടത്തിയിരുന്നത്. ആരോഗ്യ സര്‍വകലാശാല അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ് കോഴ്‌സ് നടത്തുന്നത്. മൂന്നുവര്‍ഷത്തെ കോഴ്‌സില്‍ 64 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇന്റേണ്‍ഷിപ്പിനായി വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ചെന്നപ്പോഴാണ് കോഴ്‌സുകള്‍ക്ക് അംഗീകാരം ഇല്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ഫീസും എസ്എസ്എല്‍സി, പ്ലസ് ടു തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളും വിദ്യാര്‍ഥികള്‍ തിരികെ ആവശ്യപ്പെട്ടെങ്കിലും മാനേജര്‍ തയ്യാറായില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട് പാളയത്തെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് ഓഫീസില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കി.
പൊലീസ് എറണാകുളത്ത് നടത്തിയ പരിശോധനയില്‍ ഏതാനും വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു. ഫീസും സര്‍ട്ടിഫിക്കറ്റുകളും തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
Post Your Comments