KeralaLatest News

ഐജി ചമഞ്ഞ് തട്ടിപ്പ്: അറസ്റ്റിലായ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍

ഐജി ഭാനുകൃഷ്ണ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്

തൃശൂര്‍: തൃശൂരിലേയ്ക്ക് മാറ്റം കിട്ടി വന്ന ഐജി ആണെന്ന് ആളുകളെ തെറ്റിധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍. ആള്‍മാറാട്ടം നടത്തി തട്ടിപ്പു നടത്തിയ കേസില്‍ ചേര്‍പ്പ് സ്വദേശിയായ മിഥുന്‍ (21) ന് എതിരെയാണ് കേസ്. മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. തിരുത്തിപറമ്പ് സ്വദേശിയില്‍ നിന്ന് ആറ് ലക്ഷം തട്ടിച്ചതായാണ് പരാതി. മാളിയേക്കല്‍ വീട്ടില്‍ റിട്ട.ട്രഷറി ഓഫീസര്‍ മുഹമ്മദ് കുട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബൊലോറോ ജീപ്പ്, മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, ഒന്നര ലക്ഷം രൂപ എന്നിവ ഇയാളില്‍ നിന്നും തട്ടിയെടുത്തെന്നാണ് പരാതി.

ഐജി ഭാനുകൃഷ്ണ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്. തനിക്ക് ഐപിഎസ് കിട്ടെയെന്നും ജോലിയുടെ ആവശ്യത്തിനായി വാഹനവും പണവും മറ്റും വേണമെന്നു പറഞ്ഞാണ് യുവാവ് മുഹമദ് കുട്ടിയെ പറ്റിച്ചത്. മിഥുനും സഹോദരി സന്ധ്യയും മേയ്മാസം മുതല്‍ പരാതിക്കാരന്റെ മരുമകന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് താമസിച്ചു വന്നിരുന്നത്.

ജോലി വാദാദാനം നല്‍കി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് പരാതിയെ തുടര്‍ന്ന് ഇന്നലെയാണ് മിഥുനെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മിഥുന്റെ രണ്ടാം ഭാര്യയായ താളുക്കുണ്ട് സ്വദേശിയുടെ സഹോദരന് പോലീസില്‍ സിപിഒയായി ജോലി വാഗാദാനം നല്‍കി അഞ്ച് ലക്ഷം തട്ടിയെന്നായിരുന്നു കേസ്. ഐജിയുടെ വേഷമണിഞ്ഞ് പോലീസ് വാഹനത്തിനോട് സാമ്യമുള്ള KL 08 AT 5993 എന്ന നമ്പറിലുള്ള ബൊലേറയാണ് ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. വാഹനത്തില്‍ നിന്ന് എയര്‍ പിസ്റ്റള്‍ , ബീക്കണ്‍ ലൈറ്റ് , പോലിസ് സ്റ്റിക്കര്‍ തുടങ്ങിയവയും കണ്ടെത്തിയിരുന്നു.

അതേസമയം തനിക്ക് സ്ഥലംമാറ്റം കിട്ടിയെന്ന് പറഞ്ഞ് ഒരു വ്യാജ ഉത്തരവിന്റെ പകര്‍പ്പും ഇയാള്‍ ഭാര്യ വീട്ടുകാരെ കാണിച്ചിരുന്നു. എന്നാല്‍ മിഥുനില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വീരന്‍ പോലീസ് വലയില്‍ ആകുന്നത്. അറസ്റ്റിനെ തുടര്‍ന്ന് അപസ്മാരം ഉണ്ടായ പ്രതി ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button