ദുബായ്: അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കോടികളുമായി മുങ്ങിയ മലയാളി പിടിയില്‍. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസിനെയാണ് അബുദാബി പൊലീസ് പിടികൂടിയത്. സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ലുലു ഗ്രൂപ്പ് അധികൃതര്‍ നിയാസിനെതിരെ അബുദാബി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മികച്ച രീതിയുള്ള അന്വേഷണമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
Read Also: ബിജെപിയുടെ അനുബന്ധ സംഘടനയാണോ തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് ചോദ്യം ചെയ്ത് ആംആദ്മി മന്ത്രി അതിഷി
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയാണ് തട്ടിപ്പ് നടത്തുന്നത്. സ്വന്തം സ്ഥാപനത്തില്‍ നിന്നും ആറ് ലക്ഷം യു എ ഇ ദിര്‍ഹം (1.5 കോടി ഇന്ത്യന്‍ രൂപ) തട്ടിയെടുത്തെന്നാണ് നിയാസിനെതിരെ ലുലു ഗ്രൂപ്പ് അധികൃതര്‍ നല്‍കിയ പരാതി. നിയാസ് ഡ്യൂട്ടിക്ക് എത്താത്തിനെ തുടര്‍ന്നുള്ള അന്വേഷണമാണ് തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാക്കിയത്.
മാര്‍ച്ച് 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിയായിരുന്നു നിയാസിന് നല്‍കിയിരുന്നത്. എന്നാല്‍ ഉച്ച കഴിഞ്ഞ് വൈകീട്ട് ആയിട്ടും ഇയാള്‍ എത്താതിരുന്നതോടെ ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണം നടത്തുകയായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. ആദ്യം എന്തെങ്കിലും അപകടം സംഭവിച്ചതായിരിക്കാം എന്നത് അടക്കമുള്ള സംശയങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്യാഷ് ഓഫീസില്‍ നിന്ന് ആറ് ലക്ഷം ദിര്‍ഹം നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നത്. നിയാസിന്റെ പാസ്പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ തന്നെ നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ യു എ ഇ കേന്ദ്രീകരിച്ചായിരുന്ന അബുദാബി പൊലീസിന്റെ അന്വേഷണം.
പൊലീസ് പിടിയിലായ നിയാസിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അബുദാബി പൊലീസ് അറിയിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ ലുലു ഗ്രൂപ്പ് അധികൃതര്‍ അബുദാബി പൊലീസിന് നന്ദി അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്ത് വരുന്ന നിയാസ് സ്ഥാപനം അധികൃതരുടെ വിശ്വസ്തരില്‍ ഒരാളുമായിരുന്നു. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. നിയാസിനെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങിയതായും കണ്ടെത്തിയിരുന്നു.
Post Your Comments