മലപ്പുറം: പണം ഇരട്ടിയാക്കാൻ കുറുക്കുവഴി തേടിയ യുവാവിനെ നഷ്ടമായത് കോടികൾ. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന വ്യാജേനയുള്ള പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് യുവാവിന് ഒരു കോടി രൂപ നഷ്ടമായത്. കേസുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് മുജ്തബയാണ് പിടിയിലായത്. സംഭവത്തിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഫേസ്ബുക്കിൽ കണ്ട ‘ബ്ലാക്ക് റോക്ക് എയ്ഞ്ചൽ വൺ’ എന്ന സ്റ്റോക്ക് ഇൻവെസ്റ്റ് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് തട്ടിപ്പിന്റെ തുടക്കം. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗാമാക്കുകയും ചെയ്തു. പിന്നീട് ഇൻവെസ്റ്റ്മെന്റ് എന്ന വ്യാജേന നടത്തിയ ഇടപാടുകളിലൂടെ 1,08,02,022 കോടി രൂപയാണ് തട്ടിയെടുത്തത്. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ എന്ന പേരിൽ ഘട്ടം ഘട്ടമായാണ് പണം തട്ടിയെടുത്തത്.
വേങ്ങര പൊലീസ് ഐപിസി 420, ഐടി നിയമത്തിലെ 66 ഡി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറി. കാസര്‍കോട് നിന്നാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെ ഉടൻ തന്നെ പിടികൂടുന്നതാണ്.
Post Your Comments