വാഷിങ്ടണ്‍: ആഗോളഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് സൈന്യത്തിന് ചോര്‍ത്തി നല്‍കിയ ചാരന് 25 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 178 കോടിയോളം രൂപ)പ്രതിഫലം. ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ കടന്നാണ് ഇയാള്‍ യഥാസമയം വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത്. യുഎസ് അധികൃതരാണ് പാരിതോഷികത്തിന്റെ വിവരം വെളിപ്പെടുത്തിയത്.
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളം ഇയാള്‍ യുഎസ് സൈന്യത്തിന് ഒറ്റിയിരുന്നു. സിറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളായിരുന്നുവെന്നും ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാള്‍ അവിടെയുണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
ALSO READ:ബാഗ്ദാദിയുടെ മൃതദേഹം സംസ്‌കരിച്ചത് ഇസ്ലാം മതാചാരപ്രകാരം കടലില്‍; വെളിപ്പെടുത്തലുമായി യുഎസ്
ബാഗ്ദാദിയ്ക്കായുള്ള തിരച്ചില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിക്കുമ്പോള്‍ തന്നെ വ്യക്തമായ രൂപരേഖ നല്‍കിയത് ഈ ചാരനായിരുന്നു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിലെ ഒരംഗമാണ് ഇയാളെന്ന് സൂചനകളുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിഎന്‍എ പരിശോധന നടത്തുന്നതിനായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്തിയതും ഇയാളാണെന്ന് എസ്ഡിഎഫ് മേധാവി ജനറല്‍ മസ്ലൂം ആബ്ദി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഐഎസിന്റെ ആക്രമണത്തില്‍ ഏറെ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാള്‍ ഐഎസ് എന്ന ഭീകരസംഘടനയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സൈനികസംഘത്തിലെ ഒരു പ്രധാനിയായിരുന്ന ഇയാള്‍ ഒക്ടോബര്‍ 26 ന് ബാഗ്ദാദിയുടെ വധത്തിന് ശേഷം കുടുംബാംഗങ്ങളോടൊപ്പം ഇദ്ലിബില്‍ നിന്ന് രക്ഷപ്പെട്ടതായാണ് സൂചനകള്‍.
ALSO READ:ഐഎസ് തലവന്‍ അല്‍ബാഗ്ദാദിയെ വധിച്ചതുകൊണ്ടുമാത്രം ഐഎസ് ഭീഷണി അവസാനിയ്ക്കില്ലെന്ന് വെളിപ്പെടുത്തല്‍
അതേസമയം, പെന്റഗണോ വൈറ്റ്ഹൗസോ ചാരന്റെ ഈ പ്രത്യേക സഹായത്തെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ എസ്ഡിഎഫിന്റെ സഹായത്തിന് യുഎസ് നന്ദി പ്രകടിപ്പിച്ചിരുന്നു. ഈ ചാരന്റെ തന്ത്രപൂര്‍വ്വമുള്ള നീക്കങ്ങള്‍ യുഎസ് സൈന്യത്തിന് പിന്തുണയായിരുന്നില്ലെങ്കില്‍ ബാഗ്ദാദിയെ ഒരിക്കലും പിടികൂടാനാവില്ലായിരുന്നു എന്ന സൂചനയും ഔദ്യോഗിക വൃത്തങ്ങള്‍ കൈമാറി.
Post Your Comments