വാഷിങ്ടണ്‍: യുഎസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കടലില്‍ സംസ്‌കരിച്ചതായി യു.എസ്. സൈന്യം. സൈനിക നടപടികളും ഇസ്ലാം മതാചാരങ്ങളും പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങെന്നും യു.എസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൃതദേഹം എവിടെയാണ് സംസ്‌കരിച്ചതെന്ന് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. പാകിസ്താനിലെ ആബട്ടാബാദില്‍ വെച്ച് യുഎസ് സൈനികനടപടിയിലൂടെ കൊലപ്പെടുത്തിയ അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൃതദേഹവും അന്ന് കടലിലാണ് സംസ്‌കരിച്ചിരുന്നത്.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇഡ്ലിബിലെ ബാരിഷ ഗ്രാമത്തില്‍ നടന്ന സൈനികാക്രമണത്തിലാണ് 48 കാരനായ ബാഗ്ദാദി ചാവേറായി സ്വയം പൊട്ടിത്തെറിച്ചത്. ഫൊറന്‍സിക് പരിശോധന നടത്തി മൃതദേഹം ബാഗ്ദാദിയുടേതാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ശരീരാവശിഷ്ടം പ്രത്യേകം പെട്ടിയിലാക്കി സംസ്‌കരിച്ചത്. ജോയന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക് മില്ലി പെന്റഗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക നടപടിയില്‍ ബാഗ്ദാദിയുടെ രണ്ട് അനുയായികളെ പിടികൂടിയതായും അദ്ദേഹം അറിയിച്ചു.
ALSO READ:ഐഎസ് തലവന്‍ അല്‍ബാഗ്ദാദിയെ വധിച്ചതുകൊണ്ടുമാത്രം ഐഎസ് ഭീഷണി അവസാനിയ്ക്കില്ലെന്ന് വെളിപ്പെടുത്തല്‍
അതേസമയം, യു.എസ് കമാന്‍ഡോകള്‍ ബാഗ്ദാദിക്കെതിരെ നടത്തിയ കമാന്‍ഡോ നീക്കത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്ന് കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്.ഡി.എഫ്.) പറഞ്ഞു. ബാഗ്ദാദിയുടെ കൂട്ടാളികള്‍ക്കിടയില്‍ ഒരു ചാരനെ നിയോഗിച്ചാണ് ഇത് സാധ്യമാക്കിയതെന്നും ഒളിവില്‍ക്കഴിഞ്ഞിരുന്ന ബാഗ്ദാദിയെ തിരിച്ചറിയാന്‍ അയാളുടെ അടിവസ്ത്രങ്ങള്‍ കടത്തിയതായും എസ്ഡിഎഫ് അറിയിച്ചു. ഡി.എന്‍.എ പരിശോധനയ്ക്കായാണ് ഇത് ചെയ്തത്. യു.എസിന്റെ സൈനികനടപടിയില്‍ പങ്കുചേര്‍ന്ന് നടത്തിയ രഹസ്യനീക്കങ്ങളും സേന പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments