പറവൂര്‍ : നാലാം ക്ളാസ് വിദ്യാര്‍ത്ഥികളായ മൂന്നു പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ മാനേജരായ പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പുരോഹിതനാണ്.അങ്കമാലി സ്വദേശിയും ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയുമായ ഫാ. ജോര്‍ജ് വര്‍ഗീസ് പടയാട്ടിക്കെതിരെ (68) ആണ് വടക്കേക്കര പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.
സംഭവം പുറത്തറിഞ്ഞതോടെ ജോര്‍ജ് വര്‍ഗീസ് ഒളിവില്‍പ്പോയി. കണ്ണിന് ചികിത്സയ്‌ക്കു പോകുന്നതായാണ് ഇടവകക്കാരെ അറിയിച്ചത്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. കഴിഞ്ഞമാസമായിരുന്നു സംഭവം. സ്‌കൂളിലെ ഇടവേളയില്‍ കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുമ്പോള്‍ വികാരിയച്ചന്‍ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇത് പലതവണ ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ അദ്ധ്യാപകരോട് കാര്യം പറഞ്ഞത്. തുടർന്ന് സ്കൂള്‍ അധികൃതരാണ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്.
ഇവരുടെ പരാതിയില്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ കേസെടുക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നു. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് ബുധനാഴ്ച വൈകിട്ടോടെ കേസെടുത്തു
Post Your Comments