തിരുവനന്തപുരം: ഒരു കാലത്ത് നാടക നടിയായി തിളങ്ങി നിന്നിരുന്ന താരം. കെപിഎസി ശാന്തി എന്ന ശാന്തി എസ്.നായര്‍. അച്ഛനും ഭര്‍ത്താവും രോഗബാധിതരായതോടെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇവര്‍.’നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്ത നാടകങ്ങളിലെ നായികയാണിവര്‍. നാടകവേദിയില്‍ നിന്നും വിടപറഞ്ഞതോടെ പലരും ഇന്നവരെ മറന്നു. കിടപ്പിലായ അച്ഛന്റെയും ഭര്‍ത്താവിന്റെയും ചികിത്സയ്ക്കും വേണ്ടി അലയുകയാണീ നായിക.
കെട്ടിടം പണിക്കാരനായിരുന്ന അച്ഛന്‍ നാരായണന്‍ നായര്‍ പത്തുവര്‍ഷം മുമ്പാണ് വീണ് കിടപ്പിലായത്. അമ്മ മരിച്ചതോടെ അച്ഛന്റെ സംരക്ഷണം ശാന്തി ഏറ്റെടുത്തു. ഇതോടെ നാടകലോകത്തോട് ശാന്തിയ്ക്ക് വിട പറയേണ്ടി വന്നു. വരുമാനവും നിലച്ചു. ചികിത്സച്ചെലവുകള്‍ക്കായി കരമന മേലാറന്നൂരിലെ വീടുവില്‍ക്കേണ്ടി വന്നു. ഇതോടെ വാടകവീടുകളിലായി താമസം. വരുമാനമില്ലാത്തതിനാല്‍ പലരും ഇവര്‍ക്ക് വീട് നല്‍കാത്ത അവസ്ഥയാണ്. പലരില്‍നിന്നായി കടം വാങ്ങി. പണമായി കൈവശമില്ലാത്ത ചില സുഹൃത്തുക്കള്‍ ആഭരണങ്ങള്‍ നല്‍കി. ഇത് പണയം വെച്ചാണ് ഇത്രയും കാലം താന്‍ പിടിച്ചു നിന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവയുടെപേരില്‍ ബാങ്ക് നോട്ടീസുകള്‍ വന്നുതുടങ്ങി.
കരമനയിലെ ഒരു ആര്‍ട്‌സ് ക്ലബ്ബ് വാങ്ങിനല്‍കിയ കട്ടിലിലാണ് നാരായണന്‍ നായര്‍ കിടക്കുന്നത്. ഫിസിയോ തെറാപ്പിയിലൂടെ ഒരു കൈക്ക് ശേഷി തിരിച്ചുകിട്ടിയെങ്കിലും പണമില്ലാത്തതിനാല്‍ അത് നിര്‍ത്തേണ്ടി വന്നു. അടുത്തിടെ നാരായണന്‍ നായര്‍ കട്ടിലില്‍നിന്ന് വീണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. അതിന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.
അച്ഛന്‍ കിടപ്പിലായതോടെ നാടകം നിര്‍ത്തിയെങ്കിലും ഭര്‍ത്താവിന് ജോലിയുള്ളതിനാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ കുടുംബം മുന്നോട്ട് പോവുകയായിരുന്നു. ഏതാനും വര്‍ഷം മുന്‍പാണ് ആറ്റിങ്ങല്‍ സ്വദേശിയായ സതീഷുമായി ഇവരുടെ വിവാഹം നടന്നത്. ഇലക്ട്രീഷ്യനായ സതീഷിന് എല്ലുകള്‍ ഇളകിമാറുന്ന രോഗമുണ്ട്. ഇദ്ദേഹവും ഒരു അപകടത്തില്‍പ്പെട്ടതോടെ കിടപ്പിലായി. ഇപ്പോള്‍ ഭര്‍ത്താവിന്റെയും അച്ഛന്റെയും ചികിത്സയ്ക്കായി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിവര്‍. ഇനി സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവൂ എന്ന് ഇവര്‍ പറയുന്നു.
അതിനായി എസ്.ബി.ഐ. ഫോര്‍ട്ട് ബ്രാഞ്ചില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 20198756539. ഐ.എഫ്.എസ്. കോഡ്: എസ്.ബി.ഐ.എന്‍. 0060333.
ALSO READ: ജപ്തി ഭീഷണിയില്‍ കുടുംബം; വായ്പയെടുത്ത് നിര്‍മ്മിച്ച വീട് അപകടാവസ്ഥയിലും
Post Your Comments