രതി നാരായണന്‍
പാലാ നിയമസഭാമണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായും ജനം പ്രതീക്ഷിക്കുന്നതും നേതാക്കള്‍ നടപ്പിലാക്കുന്നതും പതിവുപോലെ മാണി കുടുംബത്തില്‍ നിന്നൊരാളെ മത്സരിപ്പിക്കുക എന്നത് തന്നെയാണ്. മകന്‍ ജോസ് കെ. മാണി രാജ്യസഭാംഗമാണ്, കാലാവധി തീരാന്‍ ഇനിയും സമയമുണ്ടെന്നതിനാല്‍ ഭാര്യ നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. 1964 ഒക്ടോബര്‍ 9-നാണ് കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടത്. അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് മുതല്‍ മരിക്കും വരെ കെ എം മാണി തന്നെയായിരുന്നു പാലയുടെ എംഎല്‍എ.
ഇതിനിടെ ഇടത് വലത് മുന്നണികളിലേക്ക് കേരള കോണ്‍ഗ്രസ് കളം മാറ്റിച്ചവിട്ടല്‍ നടത്തിയെങ്കിലും അതൊന്നും മാണിയുടെ വിജയത്തെ ബാധിച്ചില്ല. അരനൂറ്റാണ്ട് പാലാ ഭരിച്ച നേതാവിന്റെ കുടുംബത്തില്‍ നിന്നുതന്നെ അടുത്ത പ്രതിനിധിയും മതിയെന്ന് പാലക്കാര്‍ ചിന്തിച്ചാല്‍ അതവരുടെ രാഷ്ട്രീയബോധമോ വ്യക്തിപരമായ വിധേയത്വമോ എന്നുകൂടി അറിയണം. അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം പാലായില്‍ തിരുത്താന്‍ ശക്തനായ ഒരു എതിരാളി ഇക്കുറിയുണ്ടാകുമോ എന്നതിലാണ് രാഷ്ട്രീയനിരീക്ഷകരുടെ ശ്രദ്ധ.
READ ALSO: പാലാ ഉപതിരഞ്ഞെടുപ്പ് ; സീറ്റ് ഘടകകക്ഷികള്‍ക്ക് കൈമാറില്ല : ബിജെപി മത്സരിക്കും
പാലായിലെ പാരമ്പര്യമനുസരിച്ച് മാണിസാര്‍ ഇല്ലാതായ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണിയാണ്. അദ്ദേഹം ആരെ പറഞ്ഞാലും അത് മാണി വിധേയര്‍ക്ക് സ്വീകര്യമാണ് താനും. പക്ഷേ എംപിസ്ഥാനം രാജിവച്ച് എംഎല്‍എ ആകാനുള്ള സാഹചര്യമല്ല നിലവില്‍ എന്നതുകൊണ്ടുതന്നെ സ്വന്തം പേര് പറയാതെ ഭാര്യയുടെ പേര് പറയേണ്ടിവരും ജോസ് കെ മാണിക്ക്. പക്ഷേ പിജെ ജോസഫ് എന്ന മുതിര്‍ന്ന നേതാവിനെ ജോസ് കെ മാണി പേടിക്കണം. ലോക്‌സഭ തിരഞ്ഞെടുപ്പിലും ജോസ് കെ മാണി ഭാര്യ നിഷയെ ജനപ്രതിനിധിയാക്കാനായി ആകുന്നതും ശ്രമിച്ചതാണ്. അന്നും ഇടങ്കേടുണ്ടാക്കിയത് മറ്റാരുമല്ല പിജെ ജോസഫ് തന്നെയായിരുന്നു. നിഷയെ തടയാന്‍ വേണ്ടിവന്നാല്‍ താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന നിലപാട് വരെ അന്ന് പിജെ ജോസഫ് സ്വീകരിച്ചു. അന്നേ തുടങ്ങിയ അഭിപ്രായഭിന്നതയാണ് ജോസ് കെ മാണിയും പിജെ ജോസഫും തമ്മില്‍. മാണിയുടെ മരണത്തിന് ശേഷം അത് എത്രമാത്രം അപഹാസ്യകരമായ അവസ്ഥയിലെത്തിയെന്ന് കേരളം കണ്ടതാണ്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണിപ്പോള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ നേരിട്ടെത്തി രാഷ്ട്രീയപ്രവേശനം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ വ്യക്തിയാണ് നിഷ ജോസ് കെ മാണി. പൊതുപരിപാടികളിലെ പങ്കാളിത്തം രാഷ്ട്രീയവത്ക്കരിക്കരുതെന്നായിരുന്നു അന്ന് അവര്‍ നടത്തിയ അഭ്യര്‍ത്ഥന. താനൊരു സാമൂഹ്യപ്രവര്‍ത്തക മാത്രമാണെന്നും പൊതുപരിപാടികളിലെ പങ്കാളിത്തം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമായിരുന്നു അന്ന് നിലപാട്. അതേ സ്ത്രീ തന്നെയാണ് ഇപ്പോള്‍ നിയമസഭാമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അവര്‍ക്ക് രാഷ്ട്രീയ പ്രവേശനം ആവശ്യമില്ലെങ്കില്‍ പിന്നെയാരാണ് അത് ആഗ്രഹിക്കുന്നതെന്ന് കൂടി ചോദിക്കേണ്ടിയിരിക്കുന്നു.
പരമ്പരാഗതമായി കൈവശം വച്ചിരിക്കുന്ന സ്വത്ത് വകകള്‍ വിട്ടുകളയാന്‍ ചിലര്‍ക്ക് മടിയുള്ളതുപോലെ മാണി കുടുംബത്തിന് പാലാ മണ്ഡലം മറ്റൊരാള്‍ക്ക് നല്‍കുന്നതില്‍ ഒട്ടും താത്പര്യമില്ല. എന്തായാലും പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയാണു തീരുമാനമെടുക്കുന്നതെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്നും പിജെ ജോസഫ് തുടക്കം മുതല്‍ ഉറപ്പിച്ച് പറയുന്നുണ്ട്. തര്‍ക്കങ്ങള്‍ ഉടന്‍ തീരുമെന്നും നേതൃയോഗം വിളിച്ചു കൂട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
അച്ഛനൊപ്പവും അച്ഛന്റെ മരണശേഷവും രാഷ്ട്രീയത്തിലിറങ്ങി ക്‌ളച്ച്പിടിച്ച് നേതാക്കളായ മക്കള്‍ കേരളരാഷ്ട്രീയത്തിലും ഒട്ടും കുറവല്ല. കെ മുരളീധരന്‍, പത്മജ വേണുഗോപാല്‍, പിസി തോമസ്, പികെ അബ്ദു റബ്ബ്, എംകെ മുനീര്‍, എംവി ശ്രേയാംസ്‌കുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, കെ എസ് ശബരിനാഥന്‍, ഹൈബി ഈഡന്‍, കെ പി മോഹനന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഷിബു ബോബി ജോണ്‍, അനൂപ് ജേക്കബ് കെ ബി ഗണേഷ് കുമാര്‍ , എംവി നികേഷ് കുമാര്‍ അങ്ങനെ ആ പട്ടിക നീളും. ഹൈബി ഈഡനേയും അനൂപ് ജേക്കബ്ബിനെയും ശബരിനാഥിനെയും കേരളം കാണുന്നതെപ്പോഴാണെന്ന് ഓര്‍ക്കുക.
സ്വാഭാവികമായ പരിണാമമാണ് മുതിര്‍ന്ന നേതാക്കളെ സൃഷ്ടിച്ചിരുന്നത്. ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനവും താഴേത്തട്ടുകാരുടെ പ്രശ്‌നങ്ങളും മനസിലാക്കി നല്ല നേതാക്കളായി വളര്‍ന്ന് അധികാരത്തിലെത്തിയവരുടെ മക്കള്‍ പക്ഷേ വളര്‍ന്നത് രാജപ്രതാപത്തിലാണ്. ഒട്ടും ജീവിതം അറിയാതെ മന്ത്രിമന്ദിരങ്ങളിലും എംഎല്‍എ ക്വാര്‍ട്ടേഴ്‌സുകളിലുമായി രാഷ്ട്രീയം കണ്ട് വളര്‍ന്നവര്‍ക്ക് ജനാധിപത്യത്തിന്റെ മൂല്യബോധമോ സാമൂഹികമായ പ്രതിബദ്ധതയോ എത്രത്തോളം ഉണ്ടാകുമെന്നത് വലിയൊരു ഘടകമാണ്.
പക്ഷേ ഇതൊക്കെ മനസിലാക്കിയിട്ടും നേതാക്കളുടെ നിര്യാണത്തില്‍ പാര്‍ട്ടിയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവര്‍ ഒരുപാടുണ്ടായിട്ടും കുടുംബവാഴ്ച്ചയ്ക്ക് പാര്‍ട്ടിയും ജനങ്ങളും പച്ചക്കൊടി കാണിക്കുന്നതിന്റെ വിരോധാഭാസം ഒട്ടും മനസിലാകുന്നില്ല. സഹാപതരംഗം വിജയം ഉറപ്പിക്കുമെന്ന രാഷ്ട്രീയക്കാരുടെ മൂന്നാംകിട സ്വപ്‌നങ്ങള്‍ക്ക് കൊടി പിടിക്കുന്നത് ജനാധിപത്യത്തിന് ഉചിതമല്ല. രാജഭരണക്കാലത്ത് അടുത്ത യുവരാജാവിനെ വാഴിക്കുന്നതുപോലെ മക്കള്‍ രാഷ്ട്രീയം അപകടകരമാം വിധം വളരുമ്പോള്‍ അതിന് വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്നതുമല്ല പൗരധര്‍മം.
മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസപരമായ അപച്യുതി ഇത്തരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിന് മറവാകുമ്പോള്‍ ഇതിലൊക്കെ മുന്നിലായ കേരളവും അതേ വഴിയിലൂടെ സഞ്ചരിക്കുന്നത് എത്രമാത്രം ദയനീയമാണ്. എന്തായാലും കേരളചരിത്രത്തില്‍ കുറിക്കപ്പെട്ട അരനൂറ്റാണ്ടിന്റെ അവകാശവാദമാണ് കെഎം മാണിയുടെ മകനുണ്ടാകുക. അപ്പോള്‍ പിന്നെ സ്വാഭാവികമായും ജോസ് കെ മാണിക്ക് താന്‍ തന്നെ പാര്‍ട്ടി ചെയര്‍മാനാകണമെന്നും തന്റെ ഭാര്യ മണ്ഡലത്തിലെ എംഎല്‍എ ആകണമെന്നും ആഗ്രഹിക്കാം.
Post Your Comments