
കൊച്ചി : കൊച്ചിയില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരെ മര്‍ദിച്ചതിലും കേസ്. പോലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കേസുകളില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ അര്‍ധരാത്രി എറണാകുളം ജില്ലാ കോടതി വളപ്പില്‍വച്ചാണ് അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. ജില്ലാ കോടതി സമുച്ചയത്തില്‍ നടന്ന അഭിഭാഷകരുടെ വാര്‍ഷിക പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും പരുക്കേറ്റു.
ബാര്‍ അസോസിയേഷന്‍ പരിപാടിയിലേക്ക് മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ കയറി പ്രശ്‌നമുണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.
അഭിഭാഷകര്‍ മദ്യപിച്ച് വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്‌തെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നുമാണ് എസ്എഫ്‌ഐയുടെ വാദം. സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പോലീസുകാര്‍ക്കും പരുക്കേറ്റു.
Post Your Comments