മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കുന്ന യുവതാരമാണ് കെ.എസ് ഭരത്. പതിനഞ്ചംഗ ടെസ്റ്റ് ടീമില്‍ ഭരത് ഇടം പിടിക്കേണ്ടതായിരുന്നു. തൊട്ടടുത്ത് വരെ എത്തിയതാണ്. എന്നാല്‍ ഋഷഭ് പന്തും വൃദ്ധിമാന്‍ സാഹയും തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരതിന്റെ സ്ഥാനം നഷ്ടപ്പെട്ടു. ഭാവിയില്‍ ഭരതാകും ഋഷഭ് പന്തിനൊപ്പം ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുക.
ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് ആ കാര്യം സൂചിപ്പിക്കുകയും ചെയ്തു. പരിക്കുമൂലം പുറത്തുപോയ വൃദ്ധിമാന്‍ സാഹയ്ക്ക് തിരിച്ചുവരാനുള്ള അവസരം എന്ന നിലയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. സാഹ അവസാന ടെസ്റ്റ് കളിച്ചത് 2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്. എം.എസ്.കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയ എ ടീമിനെതിരെ 106 റണ്‍സും ഇംഗ്ലണ്ട് ലയണ്‍സിനെതിരേ 142 റണ്‍സും ശ്രീലങ്ക എ ടീമിനെതിരേ 117 റണ്‍സും ഭരത് നേടി. ഈ പ്രകടനമാണ് യുവതാരത്തിന് ടീമിലേക്കുള്ള വഴി തുറന്നുകൊടുക്കുകയെന്നും എം.എസ്.കെ പ്രസാദ് വ്യക്തമാക്കി. ഇന്ത്യ എ ടീമിനായി 11 മത്സരങ്ങളില്‍ നിന്ന് 686 റണ്‍സാണ് ഭരത് അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടും. ഒപ്പം ആറു സ്റ്റമ്പിങ്ങും 41 ക്യാച്ചുകളും ഭരതിന്റെ അക്കൗണ്ടിലുണ്ട്.
Post Your Comments