മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ നാളെ ആരംഭിക്കും. ശനിയാഴ്ച ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമാകും ലോകപ്പിന്‍റെ ആവേശം. ഇപ്പോഴിതാ, ഇന്ത്യ-പാക് മത്സരത്തില്‍ റിഷഭ് പന്തിനെ പിന്തള്ളി ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
അവസാന മത്സരങ്ങളില്‍ ഡികെയുടെ ഫോമിനെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നുവെങ്കിലും താരത്തിന്‍റെ ഫിനിഷിംഗ് മികവിൽ ടീം മാനേജ്‌മെന്‍റ് വിശ്വാസമർപ്പിക്കുന്നു. ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്കാണ് കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം കളി മഴമൂലം മുടങ്ങിയതോടെ ഇരു താരങ്ങള്‍ക്കും അവസരമൊരുങ്ങിയില്ല.
നേരത്തെ, വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് എതിരായ രണ്ട് സന്നാഹ മത്സരങ്ങളില്‍ റിഷഭ് പന്താണ് ഇറങ്ങിയത്. ടി20 ലോകകപ്പ് കഴിയും വരെ ദിനേശ് കാര്‍ത്തിക്കിനാണ് വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനായി ടീം പരിഗണന നല്‍കുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഐപിഎല്ലിലെ മികവിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഡികെ ഇന്ത്യന്‍ ജേഴ്‌സിയിലും ഫിനിഷിംഗ് മികവ് പ്രകടിപ്പിച്ചിരുന്നു.
Read Also:- ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 23നാണ് മത്സരം. ഇതിന് മുന്നോടിയായി ശനിയാഴ്‌ച ടീം ഇന്ത്യ അവസാന പരിശീലനം നടത്തും. ഇതോടെയാവും പ്ലേയിംഗ് ഇലവനില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ഇത്തവണ കണക്കുതീര്‍ക്കേണ്ടതുമുണ്ട് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും.
Post Your Comments