തിരുവനന്തരപുരം : മകനുള്‍പ്പെടെയുള്ളവര്‍ വിവാദത്തില്‍ തലയിട്ടിരിക്കുന്ന അസാധാരണ പ്രതിസന്ധി ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി അഭ്യൂഹം. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അവധിയില്‍ പോകുമെന്നാണ് വിവരം. എന്നാല്‍ നേതാക്കള്‍ ഈ വാര്‍ത്ത തള്ളിയിട്ടുണ്ട്. ഇക്കാര്യം നേതൃത്വം അംഗീകരിച്ചേക്കില്ല.
ബിനോയി കോടിയേരിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം വ്യക്തിപരമാണെന്നും കേസുകള്‍ ബിനോയി തനിയെ നേരിടട്ടെ പാര്‍ട്ടി അതിന്റെ തീരുമാനങ്ങളുമായി പോകട്ടെ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമെന്നിരിക്കെ കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുമെന്നാണ് വിവരം. മകന്‍ ബിനീഷ് കോടിയേരിക്കെതിരേ ബീഹാറി യുവതി നല്‍കി പീഡനപരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ 14 ദിവസത്തെ ചികിത്സയ്ക്കായി ശാന്തിഗിരി ആശ്രമത്തിലാണ് കോടിയേരി ഇപ്പോള്‍.
യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഇവിടെ നിന്നുമാണ് എകെജി സെന്ററിലേക്ക് എത്തുന്നത്. വന്‍ വിവാദം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്ന് കോടിയേരി താല്‍പ്പര്യപ്പെട്ടതായിട്ടാണ് വിവരം.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന ബീഹാറുകാരിയുടെ ആരോപണത്തില്‍ മുങ്ങിയിരിക്കുന്ന ബിനോയി കോടിയേരിയെ തപ്പി മുംബൈ പോലീസ് എകെജി സെന്റര്‍ വരെ എത്തുന്ന സ്ഥിതിയാണ്.
ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മറ്റിയംഗവും കേന്ദ്രക്കമ്മറ്റി അംഗവുമായ സിപിഎം നേതാവ് എം.വി.ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്ക് എതിരേയാണ് ആരോപണം. സംഭവത്തില്‍ തളിപ്പറമ്പ് ഏരിയാക്കമ്മറ്റി അടക്കം പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം സിപിഎം വിമതനായി മത്സരിച്ച സിഒടി നസീറിന് നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട കാര്യവും പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.
വന്‍ വിവാദങ്ങളുടെ സാഹചര്യത്തിലാണ് ഇത്തവണ സിപിഎം യോഗങ്ങള്‍ ചേരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വി, സംസ്ഥാന സെക്രട്ടറിയുടെ മകനെതിരേ ഉയര്‍ന്ന പീഡനാരോപണം, പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങി പാര്‍ട്ടി വലിയ പ്രതിസന്ധിയാണ് അടുത്ത കാലത്ത് നേരിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ആരിഫിനെ മാത്രമാണ് പാര്‍ട്ടിക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞത്.
സിറ്റിംഗ് എംഎല്‍മാരും പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള മേഖലകളിലും തോറ്റു തുന്നംപാടിയതും വലിയ ചര്‍ച്ചയാകും. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ രണ്ടു പ്രമുഖ നേതാക്കളുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ നാളെയൂം മറ്റന്നാളുമായി സംസ്ഥാന സമിതിയും ചേരും.
Post Your Comments