അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ സംസ്ഥാനത്തെങ്ങും ആയിരങ്ങളായിരുന്നു അണിനിരന്നത്. സമാനമായ യാത്രയയപ്പ് അന്തരിച്ച കോടിയേരി ബാലകൃഷ്ണനും കിട്ടേണ്ടിയിരുന്നതാണെന്ന് ചൂണ്ടിക്കാട്ടി മഹേന്ദ്ര കുമാർ എന്നയാൾ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. താൻ മരിച്ചാൽ ഭൗതികദേഹം സി.പി.എം ആസ്ഥാനമായ എ കെ ജി സെൻ്ററിൽ പൊതുദർശനത്തിന് വെക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയോടും മക്കളായ ബിനോയിയോടും ബിനീഷിനോടും പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കോടിയേരിയുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടില്ലെന്നും കുറിപ്പിൽ ആരോപിക്കുന്നു.
കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്തെ ശവകുടീരവും പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒമ്പത് മാസം കഴിഞ്ഞിട്ടും, മോദി പിടിപ്പിക്കാതെ അവഗണിക്കപ്പെട്ട രീതിയിലാണിതുള്ളത്. കോടിയേരിയെ പാർട്ടി നേതൃത്വം എങ്ങനെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും വെളിപ്പെടാൻ ഈയൊരൊറ്റം ചിത്രം മതി എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
വൈറൽ കുറിപ്പ് ഇങ്ങനെ:
താൻ മരിച്ചാൽ ഭൗതികദേഹം സിപിഎം ആസ്ഥാനമായ എ കെ ജി സെൻ്ററിൽ പൊതുദർശനത്തിന് വെക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനിയോടും മക്കളായ ബിനോയിയോടും ബിനീഷിനോടും പറഞ്ഞിരുന്നു.
പക്ഷെ അദ്ദേഹത്തിൻ്റെ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടില്ല. ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും മൃതദേഹം ധൃതിപിടിച്ച് വ്യോമമാർഗം കണ്ണൂരിലേക്ക് കൊണ്ടുവരികയും അടുത്ത ദിവസം പയ്യാമ്പലത്ത് സംസ്കരിക്കുകയുമായിരുന്നു.
മക്കൾ അഭ്യർത്ഥിച്ചിട്ടും എന്തുകൊണ്ട് കോടിയേരിയുടെ കർമ്മഭൂമിയായ തിരുവനന്തപുരത്ത് ഭൗതികദേഹം കൊണ്ടുവന്നില്ല? ആരുടെ തിട്ടൂരമായിരുന്നു അത്?
ആർക്കായിരുന്നു കോടിയേരിയെ കണ്ണൂരിലേക്ക് കൊണ്ടുപോകാൻ ധൃതി? ഡോക്ടർ പറഞ്ഞിരുന്ന് പോലും പെട്ടെന്ന് സംസ്കരിക്കണമെന്ന്. ഏത് ഡോക്ടർ? ഉമ്മൻചാണ്ടി മരണപ്പെട്ടിട്ട് നാലാം ദിവസമാണ് അടക്കിയത്. അപ്പൊ വൈദ്യശാസ്ത്രം കോടിയേരിയോട് എന്തുകൊണ്ട് അനീതി കാട്ടി? കള്ളം പറയുകയായിരുന്നില്ലേ എം വി ഗോവിന്ദൻ? ഗോവിന്ദനെക്കൊണ്ട് കള്ളം പറയിച്ചതാരാണ്? കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെച്ചിരുന്നെങ്കിൽ ലക്ഷോപലക്ഷങ്ങൾ ഒഴുകിയെത്തിയേനേ.
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് ഭൗതികദേഹം വിലാപയാത്രയായി കൊണ്ടുപോയിരുന്നെങ്കിൽ കേരളം സങ്കടക്കടലായി മാറിയേനേ. അതൊക്കെ എങ്ങനെ സഹിക്കും സഖാവ് ശകുനി? തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുതെന്ന വാശിയുണ്ടല്ലോ,ദുർവാശി… അത് പരകോടിയിലെത്തിയാൽ പിന്നെന്താവും സംഭവിക്കുക. അതിനുപരി കുടുംബസമേതം ഉലകം ചുറ്റണമല്ലോ ! കോടിയേരി ചെന്നൈയിൽ നിന്നും തിരുവനന്തപുരം കൊച്ചി കോഴിക്കോട് വഴി കണ്ണൂരിലേക്ക് പോയാൽ കണക്കുകൂട്ടലുകളെല്ലാം പിഴക്കും. അനുവദിക്കരുത്. ചെന്നൈയിൽ നിന്നും നേരെ കണ്ണൂരിലേക്ക് പോയാൽ മതി. അന്ത്യശാസനം വന്നു. തിരുവായ്ക്കെതിർവായില്ലല്ലോ.
ഉമ്മൻചാണ്ടിയെ പോലെ കോടിയേരിക്കും ജനകീയ മുഖമുണ്ടായിരുന്നു. ഉരുക്ക് കോട്ടയിലായിരുന്നില്ല അദ്ദേഹത്തിൻ്റെ പൊറുതി. ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ അദ്ദേഹം നടന്നിട്ടില്ല. നടന്നതാവട്ടെ തോളിൽ ഇഷ്ടികക്കട്ടകളും വെച്ചായിരുന്നില്ല. മലബന്ധത്തിൻ്റെ അസ്കിതയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കോടിയേരിക്ക് അർഹിക്കുന്ന യാത്രയയപ്പ് മലയാളികൾ നൽകുമായിരുന്നു.
രോഗഗ്രസ്തനായ കോടിയേരിയെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതെങ്കിലും അദ്ദേഹത്തെ അറിയിക്കാമായിരുന്നു. ഏറ്റവും ചുരുങ്ങിയ പക്ഷം ആ മാന്യതയെങ്കിലും മാർക്സിസ്റ്റ് പുംഗവന്മാർക്ക് പുലർത്താമായിരുന്നു.
തുറന്നു പറയേണ്ടവർ ഒരിക്കലും തുറന്നു പറയില്ലെന്ന കമ്മ്യൂണിസ്റ്റ് അഹന്തയും
അഹങ്കാരവും കോടിയേരിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. അദ്ദേഹത്തിൻ്റെ മരണം പോലും ഈ ഘട്ടത്തിൽ സംശയാസ്പദമായേ കാണാനാവൂ. കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്തെ ശവകുടീരമാണ് താഴെക്കാണുന്നത്. ഒമ്പത് മാസം കഴിഞ്ഞു. ഇതാണവസ്ഥ. കോടിയേരിയെ പാർട്ടി നേതൃത്വം എങ്ങനെ സ്നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും വെളിപ്പെടാൻ ഈയൊരൊറ്റം ചിത്രം മതി.
Post Your Comments