തിരുവനന്തപുരം: തലശ്ശേരിയിലെ ചൊക്ലി ഗവൺമെന്റ് കോളേജിനെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് തലശ്ശേരി എന്നാക്കി പുനർനാമകരണ പ്രഖ്യാപനം നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Read Also: സ്ത്രീധനത്തിന്റ പേരില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭര്‍ത്താവ് ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കേസ്
തലശ്ശേരി മണ്ഡലത്തിൽ ഗവൺമെന്റ്/എയ്ഡഡ് കോളേജ് ഇല്ലാതിരുന്ന സ്ഥിതിവിശേഷ സമയത്ത്, 2013ൽ കേരള ഗവൺമെന്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത നിയമസഭാ മണ്ഡലത്തിൽ പുതിയ കോളേജ് തുടങ്ങുക എന്ന നയത്തിന്റെ ഭാഗമായാണ് തലശ്ശേരി മണ്ഡലത്തിൽ പുതിയ കോളേജ് ആരംഭിക്കാൻ തീരുമാനിച്ചത്. അന്നത്തെ സ്ഥലം എംഎൽഎ ആയിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ശ്രമഫലമായി ചൊക്ലി തുളവൂർ കുന്നിൽ അഞ്ചര ഏക്കർ സ്ഥലം ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ഏറ്റെടുത്ത് ഗവൺമെന്റിൽ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
ജനകീയ ഫണ്ട് ശേഖരണത്തിന് പല ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ തന്റെ തനതായ നേതൃപാടവത്താൽ അതിനെയൊക്കെ മറികടന്നുകൊണ്ട് തലശ്ശേരി മണ്ഡലത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും കൂടെ ചേർത്ത് ലക്ഷ്യം പൂർത്തീകരിക്കാൻ കോടിയേരിക്കായി. കക്ഷിരാഷ്ട്രീയത്തിന് അതീതമായി രൂപീകരിച്ച വി.എ മുകുന്ദൻ കൺവീനർ ആയുള്ള സംഘാടകസമിതി അഭിനന്ദനീയമായ പ്രവർത്തനമാണ് ഈ ദൗത്യത്തിൽ കാഴ്ചവെച്ചതെന്ന് ബിന്ദു ചൂണ്ടിക്കാട്ടി.
2014ൽ മൂന്ന് ഡിഗ്രി കോഴ്‌സുകളുമായി കോളേജ് താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഒപ്പം തന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും കോടിയേരി ബാലകൃഷ്ണൻ അഞ്ചു കോടി രൂപ അനുവദിച്ച് കോളേജിന്റെ പ്രധാന കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും 2020 ൽ പണി പൂർത്തീകരിക്കുകയും ചെയ്തു. സ്ഥാപനം സാക്ഷാത്കരിച്ച ജനകീയ നേതാവിനോടുള്ള ആദരസൂചകമായാണ് കലാലയത്തിന്റെ പേര് ‘കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് തലശ്ശേരി’ എന്നാക്കി പുനർനാമകരണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഓൺലൈനിലൂടെയാണ് പുനർനാമകരണ പ്രഖ്യാപനം നടത്തിയത്.
Read Also: ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പിനിടെ നക്‌സല്‍ ആക്രമണം: ജവാന് വീരമൃത്യു
Post Your Comments