Latest NewsKeralaNews

എന്ത് പ്രശ്നമുണ്ടെങ്കിലും ‘നമുക്ക്‌ നോക്കാട’ എന്ന് പറഞ്ഞു ആത്മവിശ്വാസം തന്ന എന്റെ സഖാവ് എന്റെ അച്ഛൻ : ബിനീഷ് കോടിയേരി

അച്ഛനില്ലാത്ത ലോകത്ത് ആണ് ഞാൻ ജീവിക്കുന്നത്

സഖാവ് കോടിയേരിയുടെ ഓർമ്മ ദിനമാണ് ഒക്ടോബര്‍ ഒന്ന്. അച്ഛനെ കുറിച്ച്‌ ഓര്‍ക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യമെന്നു മകനും നടനുമായ ബിനീഷ് കോടിയേരി. ജീവിതത്തിലെ പല പ്രതിസന്ധിയിലും കൂടെയുണ്ടായിരുന്ന അച്ഛനെക്കുറിച്ച് സമൂഹമാധ്യമത്തിൽ ബിനീഷ് പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

read also: പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് നാളെ മുതല്‍ പക്ഷിമൃഗാദികളെ മാറ്റും

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

അച്ഛൻ
ഒക്ടോബര്‍ ഒന്ന്-അച്ഛൻ യാത്രയായ ദിവസം.
2023ല്‍ ആ ദിവസമെത്തുമ്ബോള്‍ അച്ഛന്‍ ‘യാത്ര പറയാതെ’ പോയിട്ട് 365 ദിവസത്തെ ദൈര്‍ഘ്യമാവുന്നു, അച്ഛനെ കുറിച്ച്‌ ഓര്‍ക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യം .

read also: ‘എനിക്ക് എല്ലാം നേടിത്തന്ന സ്ഥലം’: കൈകുഞ്ഞിനൊപ്പം ഉംറ ചെയ്ത് സന ഖാൻ

ഇത്ര പെട്ടന്ന് ദിനങ്ങള്‍ കടന്ന് പോയോ എന്ന് തോന്നിക്കുമാറും വിധം ഉള്‍ക്കൊള്ളാനാവാത്ത ഒരു യാഥാര്‍ത്യമായി അച്ഛന്റെ വേര്‍പാട് നില്‍ക്കുന്നു .
അച്ഛനെ കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ ഓരോരുത്തരുടെയും മനസ്സില്‍ എത്ര എത്ര ഓര്‍മ്മകളായിരിക്കും വരിക , ചിരിക്കുന്ന മുഖത്തോടു കൂടിയ രൂപം നാം എല്ലാവരുടെയും മനസ്സില്‍ ഇപ്പൊ വരുന്നുണ്ടാവും .…

അച്ഛന്റെ പോയ ദിവസങ്ങളിലെ പത്രങ്ങളും വിഡിയോയും ഒന്നും പൂര്‍ണ്ണമായി ഇപ്പോഴും കണ്ടിട്ടില്ല ….
ഇപ്പോള്‍ സഖാക്കള്‍ ചെറു വീഡിയോകളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെക്കുമ്ബോഴാണ് ചിലത് കാണുന്നത് . അത് ഇടയ്ക് ഒരിക്കല്‍ കാണാൻ ശ്രമിച്ചു പക്ഷെ പറ്റിയില്ല ,കാണുമ്ബോഴേക്കും നെഞ്ചു കട്ടികൂടി തൊണ്ടയില്‍ കനം കൂടുന്ന അവസ്ഥയാണ് , ഇപ്പോഴും അത് അങ്ങനെ തന്നെ . പൊരുത്തപ്പെടുവാൻ ഇനിയും എത്ര സമയം എടുക്കും എന്നറിയില്ല …

അച്ഛൻ പറഞ്ഞ വാക്കുകളും അച്ഛന്റെ ഓര്‍മ്മകളും കരുത്താക്കി,അച്ഛനില്ലാത്ത ലോകത്ത് ആണ് ഞാൻ ജീവിക്കുന്നത് ,അദ്ദേഹത്തിന്റെ
രാഷ്ട്രീയ ശ്വാസം ഒരോ നിമിഷവും എന്നോടൊപ്പം ഉണ്ട് , അച്ഛൻ എന്ന മനുഷ്യൻ എത്രയോ പടര്‍ന്നു പന്തലിച്ച ഒന്നായിരുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ നാളുകളായിരുന്നു ഇത്.അച്ഛൻ ആരായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിത്തുടങ്ങിയിട്ടേ ഉള്ളൂവെന്നും കാലങ്ങളോളം തുടരുമെന്നും ഞാൻ തിരിച്ചറിയുന്നു.
അച്ഛൻ ആരായിരുന്നു,സഖാവ് കോടിയേരി ബാലകൃഷ്ണൻ ജനങ്ങള്‍ക്ക് എന്തായിരുന്നു,അച്ഛൻ ഇടപെട്ട ഒരോരുത്തരുടേയും മനസ്സില്‍ കോടിയേരി എന്ന മനുഷ്യൻ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടത് എന്ന് അദ്ദേഹമില്ലാത്ത ഈ ദിവസങ്ങളില്‍ ഓരോ നിമിഷവും ഞാൻ അറിയുകയായിരുന്നില്ല,അനുഭവിക്കുകയായിരുന്നു.
അച്ഛൻ ഇടപെട്ട ഒരോ മനുഷ്യര്‍ക്കും അവരുടെ ജീവിതകാലം മുഴുവൻ ഓര്‍ക്കാൻ നല്ലൊരു അനുഭവം ബാക്കിവച്ചിട്ടാണ് അച്ഛൻ പോയത്,ജനങ്ങളോട് അത്രമേല്‍ അലിഞ്ഞു ചേര്‍ന്നിരുന്നു അച്ഛൻ.

അച്ഛൻ പോയതിന്റെ ആഘാതത്തില്‍ മൂന്നു മാസത്തോളം കോടിയേരിയിലെ വീട്ടില്‍ തന്നെ ഒരു മരവിപ്പോടെ ഉള്ള ഇരിപ്പായിരുന്നു , അതിനു ശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഞാൻ പോകുമ്ബോള്‍,എന്നെ തലോടിയും കെട്ടിപ്പിടിച്ചും ആളുകള്‍ പറയുന്നത് എല്ലാവര്‍ക്കുമറിയാവുന്ന കോടിയേരിയെക്കുറിച്ചല്ല, അവരുടെ കോടിയേരിയെക്കുറിച്ചാണ്, ഒരോരുത്തരുടേയും ജീവിതത്തില്‍ അദ്ദേഹത്തതില്‍ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചാണ് അതില്‍ സി.പി.എം പ്രവര്‍ത്തകര്‍ മാത്രമല്ല,മറിച്ച്‌ അവരില്‍ എല്ലാ തലത്തിലുമുള്ള ജനങ്ങളുമുണ്ടായിരുന്നു.ഇത്രയും പേരോട് ഒരു മനുഷ്യന് നേരിട്ട് എങ്ങനെ ബന്ധപ്പെടാനാവും എന്ന് ആശ്ചര്യപ്പെടുമ്ബോള്‍, ഒരു രാഷ്ട്രീയ പ്രവര്‍ത്തകൻ എന്തായിരിക്കണം എന്നതിനെക്കുറിച്ചു തന്‍റെ കാഴ്ചപ്പാടുകള്‍ അച്ഛൻ അതേ പോലെ തന്നെ പ്രാവര്‍ത്തികമാക്കിയിരുന്നു എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.

സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് എല്ലാ പാര്‍ട്ടിയിലും പെട്ട ആള്‍ക്കാര്‍ രാഷ്ട്രീയാതീതമായി പ്രശ്നങ്ങള്‍ സംസാരിക്കാൻ എന്തുകൊണ്ട് വന്നു എന്നതിന്റെ ഉത്തരം അച്ഛൻ ഒരു നല്ല കേള്‍വിക്കാരനായിരുന്നു എന്നതാണ്.ഒരേ വിഷയം രണ്ടുതരത്തില്‍ രണ്ടുപേര്‍ പറയുമ്ബോഴും രണ്ടു പേരെയും മുഴുവനായും കേട്ടിരുന്നു , നിരവധി തവണ കേട്ട കാര്യങ്ങള്‍ വീണ്ടും പുതുതായി ഒരാള്‍ വരുമ്ബോള്‍ ആ ആള്‍ പറയുന്നതും മുഴുവനായും കേള്‍ക്കും , അച്ഛനെ കുറിച്ചു സംസാരിച്ച ഭൂരിപക്ഷം ആളുകളും പറഞ്ഞത് ആളുകള്‍ക്ക് മനസിലാവുന്ന, അവര്‍ പറയുന്ന ഭാഷയിലാണ് അച്ഛൻ സംസാരിച്ചിരുന്നത്, പാര്‍ട്ടി യോഗങ്ങളിലെ പ്രസംഗവും അത്തരത്തിലുള്ളതായിരുന്നു , തന്റെ മുൻപില്‍ വരുന്ന മനുഷ്യരോടുള്ള അതിയായ അനുകമ്ബയും സ്നേഹവും ആണ് കോടിയേരിക്ക് ഉണ്ടായിരുന്നത് അതുകൊണ്ടാണ് സഖാവ് എ.കെ.ജി ക്കും സഖാവ് ഇ.കെ നായനാര്‍ക്കും ശേഷം എല്ലാ വിഭാഗം ജനങ്ങളോടും ഇത്രയും ചേര്‍ന്ന് നിന്ന ഏറ്റവും ജനകീയനായ സി.പി.ഐ.എം നേതാവായി കോടിയേരി മാറിയത് എന്നാണ് .അച്ഛനോടുള്ള ഇഷ്ടം അച്ഛന് നല്‍കിയ യാത്രമൊഴിയിലൂടെ ഈ നാട് കാണിച്ചു തന്നു .കോടിയേരിയോട് എല്ലാം തുറന്ന് പറയാം എന്ന് ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ക്കും ഒരാത്മബന്ധം അച്ഛനോടുണ്ടായിരുന്നത്. മറ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരേപോലെ പ്രാപ്യനായിരുന്നു കോടിയേരി എന്ന സി.പി.ഐ.എം നേതാവ് , സി പി എമ്മുമായി എന്ത് രാഷ്ട്രീയ പ്രശ്നമുണ്ടായാലും സംസാരിക്കാൻ കോടിയേരിയുണ്ടല്ലോ എന്നത് അവര്‍ക്ക് ആശ്വാസമായിരുന്നു എന്ന് വിവിധ നേതാക്കള്‍ ഞങ്ങളോട് പറഞ്ഞു.

മറ്റൊരാളെ കേള്‍ക്കാനുള്ള സഹിഷ്ണുത അച്ഛൻ പ്രധാനമായി കണ്ടിരുന്നു , ഒരാള്‍ അവരുടെ വിഷമമോ പ്രയാസമോ പറയാൻ നമ്മളെ തിരഞ്ഞെടുത്തത് നിസ്സാര കാര്യമല്ലെന്നും നമ്മളെയൊരു മനുഷ്യനായി, അവരിലൊരാളായി അവര്‍ക്ക് അനുഭവപ്പെടുന്നതുകൊണ്ടാണ് ആ തെരഞ്ഞെടുക്കലെന്നും അതിനാല്‍ നല്ലൊരു കേള്‍വിക്കാരനാവുക എന്നതും ഒന്നാന്തരം രാഷ്ട്രീയപ്രവര്‍ത്തനമാണ് എന്നും നിരന്തരം അച്ഛൻ പറഞ്ഞിരുന്നു.അത് അദ്ദേഹം അക്ഷരാര്‍ഥത്തില്‍ പാലിച്ചിരുന്നുവെന്ന് ഒരോരുത്തരും അവരുടെ അനുഭവങ്ങള്‍ ,അവര്‍ പറഞ്ഞത് കേട്ടപ്പോഴുള്ള ആശ്വാസം,ചൂണ്ടിക്കാട്ടിയ പ്രതിവിധി ഒക്കെ പറയുമ്ബോള്‍ ബോധ്യപ്പെടുന്നു. ഞങ്ങളോട് നന്നായി പഠിക്കണം എന്നല്ല,ആളുകളോട് നന്നായി ഇടപെടണം,നന്നായി സംസാരിക്കണം , സാമൂഹ്യമായ ഇടപെടലുകളില്‍ ജീവിക്കണം എന്നായിരുന്നു അച്ഛൻ എപ്പോഴും പറഞ്ഞിരുന്നത്, നമുക്ക് തുല്യരാണ് എല്ലാവരും എന്ന ബോധത്തോടെയെ സാമൂഹ്യ ഇടപെടലുകള്‍ നടത്താവൂ എന്ന് എപ്പോഴും പറയും .

ആരോടും അച്ഛന്‍ ചിരിച്ചിരുന്നത് മനസ്സും ഹൃദയവും കൊണ്ടാണ്.ഒരിക്കല്‍ പരിചയപ്പെടുന്ന ഒരാളെ നാളുകള്‍ക്കുശേഷം കണ്ടാലും പേരും സംസാരിച്ച വിഷയവും അച്ഛൻ ഓര്‍ക്കുമായിരുന്നു. എന്നും കൂട്ടത്തിലൊരാളായിരുന്നു അച്ഛൻ.ഒരു രാഷ്ട്രീയ നേതാവായോ പാര്‍ട്ടി സെക്രട്ടറിയായോ ഒന്നുമായിട്ടായിരുന്നില്ല ഇടപെടല്‍.സാധാരണ പല നേതാക്കള്‍ക്കും ഒരോ സ്ഥലത്തെയും എല്ലാവരോടും ബന്ധം ഉണ്ടാകണമെന്നില്ല.എന്നാല്‍ അതിലും വ്യത്യസ്ഥനായിരുന്നു അച്ഛൻ.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്രയോ പേരാണ് തനിക്ക് കോടിയേരിയുമായുളള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച്‌ പറഞ്ഞത് .
പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കലുഷിതമായ രാഷ്ട്രീയ പ്രശ്നങ്ങളെയും വളരെ സമചിത്തതയോടെയാണ് അച്ഛൻ നേരിട്ടിരുന്നത്.ഇത്തരം വിഷയങ്ങള്‍ പറയുമ്ബോള്‍ ഇന്നും കോടിയേരി ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് പലരും.മറ്റു പലതിനുമെന്നപോലെ,പ്രതിസന്ധികളുടെ നാളുകളിലെ വിഷയ ലഘൂകരണവും കോടിയേരി

സ്കൂളിലെ പ്രധാന പഠനോപാധിയായിരുന്നു.

പ്രായോഗിക രാഷ്ട്രീയം ഇത്ര കൃത്യതയോടെ ആധുനിക കാല സി പി എം ന്റെ കേരള രാഷ്ട്രീയത്തില്‍ ഉപയോഗിച്ച മറ്റൊരാള്‍ ഉണ്ടാവില്ല , കോടിയേരി പ്രായോഗിക രാഷ്ട്രീയത്തിന്റെ സ്കൂള്‍ ആണ് എന്നാണ് അച്ചനോട് ഇടപെട്ടവര്‍ പറഞ്ഞത് .
സംഘടനാ മികവും സംഘടനയെ ഒരുമിച്ചു നിര്‍ത്താനുള്ള കോടിയേരിയുടെ അനതിസാധാരണമായ കഴിയും ആണ് മറ്റു ചിലര്‍ അനുഭവമായി പറയുന്നത് , രക്തസാക്ഷി കുടുംബങ്ങളോടുള്ള സ്നേഹവും കരുതലും , വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കിടക്കുന്ന സഖാക്കളുടെ കുടുംബങ്ങളും അവരുടെ കേസും അവരുടെ പരോള്‍ തുടങ്ങിയവയിലെല്ലാം ഉള്ള കോടിയരിയുടെ ഇടപെടലും ,
ജനകീയ ചിന്തകനായിരുന്ന കോടിയേരിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ആണ് എഴുത്തുകാരും ചിന്തകരും പങ്കു വെച്ചത് .
നിരന്തരമായ വായനയും രാഷ്ട്രീയ ചരിത്രത്തെ കുറിച്ചുള്ള അഗാധമായ അറിവും , വര്‍ത്തമാന കാലഘട്ടത്തെ ചരിത്രവുമായി ചേര്‍ത്ത അവതരിപ്പിക്കാനുള്ള അനതിസാധാരണമായ കഴിവാണ് കോടിയേരി സഖാവിന്റേത് എന്നും ഒക്കെ ഉള്ള വിലയിരുത്തലുകള്‍ …
അച്ഛൻ ഇല്ലാതായ വര്‍ത്തമാന കാലഘട്ടത്തില്‍ അച്ഛന്റെ അസാനിദ്ധ്യം എത്രത്തോളം ശ്രദ്ധേയമാവുന്നു എന്നാണ് കാണുന്നത് .
ഇന്നത്തെ പാര്‍ട്ടിയിലെ യുവനിരയെ നേതൃനിരയില്‍ കൊണ്ടുവരാൻ അച്ഛൻ വഹിച്ച പങ്ക് ,അവര്‍ക്കൊക്കെ ഒരോ കോടിയേരി അനുഭവം എപ്പോഴും പറയാനുണ്ട്. ഓരോരുത്തരോടും വ്യക്തിപരമായും ഏറ്റവും അടുപ്പം ഉണ്ടായിരുന്നു ,ഒരോ ആളെയും എവിടെ എപ്പോള്‍ ഉപയോഗിക്കണമെന്നതില്‍ അച്ഛന് നല്ല ധാരണയുണ്ടായിരുന്നു. ഇന്ന് ഒരു ഇരുപത് വയസുള്ള എല്ലാവര്‍ക്കും അറിയുന്ന കേട്ടിട്ടുള്ള ഒരു മുഖമാണ് കോടിയേരി , അത് കൊണ്ട് തന്നെ വരാനിരിക്കുന്ന നാളുകളിലും കോടിയേരിയുടെ നേതൃപരമായ ഇടപെടലുകളും വാക്കുകളും നേരിട്ടറിഞ്ഞവര്‍ നവ കേരളത്തിന്റെ സാരഥ്യമേറും , നമ്മള്‍ എന്തെങ്കിലും ആയോ എന്നത് മാത്രമല്ല ജീവിതം മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമാവാൻ നമ്മള്‍ ഒരു കാരണമാവുന്നതും ജീവിത വിജയമാണ് എന്ന് അച്ഛൻ പറയാറുള്ള ഒന്നാണ്.കോടിയേരിയുടെ ഓര്‍മ്മകള്‍ വരും കാലങ്ങളിലും കൂടുതല്‍ ഉയര്‍ന്നു നില്‍ക്കും .
ഭരണതലത്തില്‍ അച്ഛൻ ചുമതല വഹിച്ചിരുന്ന ആഭ്യന്തര -ടൂറിസം വകുപ്പുകളിലെ പദ്ധതികളില്‍ പലതും അച്ഛന്റെ കാലത്ത് നടപ്പായതാണെന്ന് മറ്റുള്ളവര്‍ പറയുമ്ബോഴാണ് അറിയുന്നതു പോലും.അച്ഛൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഒരോ ദിവസവും സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരോ പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു എന്ന് അന്നത്തെ പോലീസ് മേധാവികള്‍ അഭിപ്രായപ്പെട്ടു , ടൂറിസം മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടു വന്നു .
ഏതെല്ലാം കാര്യം ചെയ്‌തിട്ടും ഒരിക്കലും ഒരു അവകാശവാദവും അദ്ദേഹം ഉന്നയിച്ചിരുന്നില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കുക എന്നതിലപ്പുറം തന്‍റെ മികവായി ഒന്നും കണ്ടതുമില്ല.ചെയ്തത് പറയുക എന്നത് ഒരിക്കലും കോടിയേരി ശൈലിയില്‍ വരുന്നതായിരുന്നില്ല.അച്ഛന് എല്ലാം പാര്‍ട്ടിയായിരുന്നു. പാര്‍ട്ടിയ്ക്കപ്പുറത്തേക്ക് ഒന്നും ഒരിക്കലും ആഗ്രഹിച്ചില്ല. പാര്‍ട്ടിക്ക് ലഭിക്കാത്തത് ഒന്നും തനിക്കും ആവശ്യമില്ല എന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു.സംഘടനയിലും പാര്‍ട്ടിയിലും എങ്ങനെ പെരുമാറണം എന്നതിനൊക്കെയും അച്ഛനില്‍ മാത്യകയുണ്ടായിരുന്നു.അച്ഛന് എന്നും ഏറ്റവും വലുത് പാര്‍ട്ടിയായിരുന്നു.പാര്‍ട്ടി നമുക്കുവേണ്ടിയല്ല,നമ്മള്‍ പാര്‍ട്ടിക്കു വേണ്ടിയാണ് എന്നതായിരുന്നു അച്ഛന്റെ കാഴ്ചപ്പാടും ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയതും.പാര്‍ട്ടി സഖാക്കളോട് ഒരു പാര്‍ട്ടിക്കാരൻ എങ്ങനെ പെരുമാറണം എന്നതില്‍ ഒരു പാഠപുസ്തകം തന്നെയായിരുന്നു അച്ഛൻ. ഞങ്ങളെക്കാളും സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും പാര്‍ട്ടിയെയാണ്. പ്രസ്ഥാനമാണ് വലുത് എന്ത് പ്രതിസന്ധികളും താല്‍ക്കാലികമാണ് ഇതെല്ലാം പാര്‍ട്ടി അതിജീവിക്കും എന്ന് പറയും .
അടിമുടി ഒരു പാര്‍ട്ടിക്കാരനായിരുന്ന അച്ഛന് ജീവനും ജീവിതവും പാര്‍ട്ടി മാത്രമായിരുന്നു.
പാര്‍ട്ടി എല്ലാക്കാലവും ബലവത്തായി തുടരണമെന്ന് അച്ഛൻ ചിന്തിച്ചിരുന്നു. അൻപതു ശതമാനത്തിലധികം ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിയായി സി. പി. ഐ. എം നെ മാറ്റണം എന്നും ഇനിയും പാലിയേറ്റീവ് മേഖലയിലടക്കം ജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളില്‍ പാര്‍ട്ടി കൂടുതല്‍ ഇടപെടല്‍ നടത്തണം എന്നും നീരുറവകളും ജലാശയങ്ങളും വീണ്ടെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണം എന്നും സി പി എം പ്രവര്‍ത്തകരും അനുഭാവികളും വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കി വെക്കണം , ദേശാഭിമാനി പത്രത്തെ കൂടുതല്‍ കൂടുതല്‍ വാര്‍ഷിക വരിക്കാറുള്ള പത്രമാക്കി മാറ്റണം, വര്‍ത്തമാനകാലം എന്നത് ഏറെ അപകടം നിറഞ്ഞ ഒരു കാലഘട്ടമാണ്. സംഘപരിവാര്‍ രാഷ്ട്രീയവും ഇടതുവിരുദ്ധ രാഷ്ട്രീയവും പാര്‍ട്ടിയെ അതിരൂക്ഷമായി കടന്ന് ആക്രമിക്കുന്ന ഒരു കാലഘട്ടം. നേതാക്കളെയും നേതാക്കളുടെ കുടുംബങ്ങളെയും ടാര്‍ജറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്നു. ഈ സമയത്ത് ദേശാഭിമാനി പോലൊരു പത്രത്തിന്റെ സാധ്യത എന്നത് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച്‌ വളരെ വലുതാണ്. സാങ്കേതികമായി ദേശാഭിമാനിയെ കൂടുതല്‍ ഉയര്‍ത്തണം , ശാസ്ത്രത്തെയും സ്പോര്‍ട്സിനെയും കൂടുതല്‍ ഉപയോഗപ്പെടുത്തണം ഇതൊക്കെ രാഷ്ട്രീയം സംസാരിക്കുമ്ബോള്‍ എപ്പോഴും പറയാറുള്ള കാര്യങ്ങളായിരുന്നു .

അപ്പോളോ ആശുപത്രിയിലെ ചികിത്സയില്‍ ഒരു ഘട്ടത്തില്‍ നല്ല മാറ്റം വന്നിരുന്നു.അവിടെ അച്ഛൻ കഴിഞ്ഞ 32 ദിവസവും ഞാൻ ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി കാര്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് അച്ഛന് ആശ്വാസവും അത് ആഗ്രഹിക്കുന്നതായും മനസ്സിലായതിനാല്‍, എല്ലാ ദിവസവും ഞാൻ വാര്‍ത്തകള്‍ കാണിച്ചു കൊടുക്കുമായിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പത്ര സമ്മേളനങ്ങള്‍, അച്ഛന്‍റെ പഴയ പ്രസംഗങ്ങള്‍ വിജയേട്ടനുമായുള്ള വിഡിയോകള്‍ ഒക്കെ കാണുമ്ബോള്‍ നല്ല ഉത്സാഹവും കാണാമായിരുന്നു. ഡോക്ടര്‍മാരും ഇതൊക്കെ കാണിക്കുവാൻ പറഞ്ഞിരുന്നു.അവസാന ശ്വാസം വരെയും അച്ഛന് പാര്‍ട്ടിയായിരുന്നു മുഖ്യം. കൊച്ചുമക്കളുടെ വീഡിയോ കാണുമ്ബോള്‍ പഴയ വിടര്‍ന്ന ചിരിയില്ലെങ്കിലും ചിരിക്കുമായിരുന്നു. മരണപ്പെടുന്നതിന്റെ തലേ ദിവസവും നല്ല പുരോഗതിയുണ്ടായിരുന്നു.അന്നും വാര്‍ത്തകള്‍ കാണിച്ചിട്ടാണ് ഞാൻ പോയത്.എന്നാല്‍, അപ്രതീക്ഷിതമായി വന്ന ഒരു ഇൻഫക്ഷൻ പ്രതീക്ഷകളെയെല്ലാം തകര്‍ക്കുകയായിരുന്നു. അച്ഛന്‍റെ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല.എന്തേ,ഡോക്ടര്‍ ..ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഈ രോഗത്തിന്‍റെ പ്രത്യേകത ഇങ്ങനെയാണെന്നായിരുന്നു മറുപടി.സാധാരണ ഗതിയില്‍ പാൻക്രിയാററിക് കാൻസര്‍ വന്നവര്‍ക്ക് ആറുമാസത്തിലധികം അതിജീവനം അത്ര എളുപ്പമല്ലത്ര എന്നാല്‍,മൂന്നു വര്‍ഷം അച്ഛൻ അച്ഛന്‍റെ ഇച്ഛാശക്തികൊണ്ട് അതിനെ അതിജീവിച്ചു എന്നെ പറയാനാകൂ , കീമോ ഒക്കെ കഴിഞ്ഞ് വരുമ്ബോള്‍ പോലും വേദനയുണ്ടോ എന്ന് ചോദിച്ചാല്‍ ചെറുതായിട്ടേ ഉള്ളു എന്നായിരുന്നു മറുപടി.

എന്റെ ,ഞങ്ങളുടെ ഏറ്റവും വലിയ വേദനകളിലൊന്നാണിത്.രോഗത്തിന്‍റെ മൂര്‍ധന്യാവസ്ഥയിലും ഞങ്ങളോടൊന്നും പ്രകടിപ്പിക്കാതെ,ഞങ്ങളെ വേദനിപ്പിക്കാതിരിക്കാൻ അദ്ദേഹം എല്ലാം സഹിച്ചു.ആശുപത്രിയില്‍ സന്ദര്‍ശിച്ച ആരേയും വിഷമിപ്പിക്കാതെയേ അച്ഛൻ കാര്യങ്ങള്‍ സംസാരിക്കുമായിരിന്നുള്ളു. എന്തിനെയും ചിരിച്ചു കൊണ്ട് നേരിടാനുള്ള അസാമാന്യമായ ഒരു കരുത്തും അച്ഛന് ഉണ്ടായിരുന്നു .ഒരു രോഗി എന്ന നിലയില്‍ അച്ഛന്‍റെ സമീപനം മറ്റു രോഗികള്‍ക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഒരു വര്‍ഷമാവുമ്ബോഴും അച്ഛന്‍റെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലെ ഞങ്ങളും വിമുക്തരായിട്ടില്ല. അമ്മ പ്രത്യേകിച്ചും. ചില പാര്‍ട്ടി സമ്മേളനങ്ങളില്‍ അമ്മ പോയപ്പോള്‍ കാണുന്നവര്‍ക്കെല്ലാം പറയാനുള്ളത് അവരുടെ സഖാവ് കോടിയേരിയെക്കുറിച്ചാണ്.അച്ഛന്‍റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളനാവാതെ കഴിയുന്ന അമ്മ അവരുടെയൊക്കെ സ്നേഹ വാക്കുകള്‍ക്കു മുമ്ബില്‍,അച്ഛന്‍റെ ഓര്‍മ്മകളില്‍ വീണ്ടും പതറിപ്പോവുകയായിരുന്നു.

സത്യത്തില്‍ അച്ഛനൊപ്പമില്ല എന്നത് എന്‍റെ രണ്ടാമത്തെ അനുഭവമാണ്.ഒരു വര്‍ഷം ഞാൻ ജയിലറക്കുള്ളിലായിരുന്നു.അപ്പോള്‍ ഞാൻ അച്ഛനോടൊപ്പവും അച്ഛൻ എന്നോടൊപ്പവും ഇല്ലായിരുന്നു.എന്നിറങ്ങുമെന്നോ,എന്ന് കാണാൻ പറ്റുമെന്നോ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയില്ലായിരുന്നു.അതിന്‍റെ അനിശ്ചിതത്വം ഉണ്ടായിരുന്നുവെങ്കിലും നിരപരാധിത്വം തെളിയുമെന്നും വീണ്ടും ഒന്നാവാമെന്നുമുള്ള പ്രതീക്ഷ യും ഞങ്ങള്‍ക്കുണ്ടായിരുന്നു,എന്നാല്‍ ഇന്നതില്ല….അച്ഛൻ എന്നൊടൊപ്പമില്ല ആ സ്നേഹവും സാന്ത്വനവും ഇനി ഒരിക്കലും അനുഭവിക്കാനാവില്ല എന്ന യാഥാര്‍ഥ്യം ഞാൻ തിരിച്ചറിയുന്നു.
സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതാണ് ഏറ്റവും വലിയ പ്രതിഭ എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്ന ഒരു വാക്കാണ് ,മറ്റെന്തിനോടു പൊരുത്തപ്പെട്ടാലും അച്ഛനില്ലാത്തതിനോടു പെരുത്തപ്പെടാൻ അത്ര എളുപ്പമല്ല.

ജയിലില്‍ ആയിരുന്നപ്പോഴും ആഴ്ചയിലൊരിക്കല്‍ വിളിക്കുമ്ബോള്‍ അച്ഛൻ പറഞ്ഞിരുന്നത് ‘ജയിലിലെ സാഹചര്യത്തോട് പൊരുത്തപ്പെടണമെന്നാണ്. ഇത് ജീവിതത്തിലെ ഒരു പരീക്ഷണമാണ് ഇതിനെ അതിജീവിക്കുന്നിടത്താണ് മൂന്നോട്ട് പോകുവാനുള്ള കരുത്തു എത്രത്തോളം ഉണ്ട് എന്ന് ബോധ്യപ്പെടുന്നത് . നീ തളര്‍ന്നാല്‍,നീ കുറ്റവാളിയാണന്നാവും ആളുകള്‍ കരുതുക കൂടുതല്‍ വായിക്കാൻ ശ്രമിക്കണം ‘.

ഞാൻ ജയിലിലെ ആ സാഹചര്യത്തോട് ചേര്‍ന്നു ജീവിച്ചു നിരവധി പുസ്കങ്ങള്‍ വായിച്ചു എന്‍റെ ദുരനുഭവത്തെ ഞാൻ കരുത്തോടെ തന്നെ അതിജീവിച്ചു. ഒടുവില്‍ എന്റെ ഭാഗം കോടതി അംഗീകരിക്കുന്ന വിധി വന്നപ്പോള്‍ എനിക്ക് ഒരു തരത്തിലുമുള്ള സന്തോഷമല്ല തികഞ്ഞ നിസ്സംഗതയാണ് ഉണ്ടായത് , എന്‍റെ പേരില്‍ അതിന്‍റെ എല്ലാ ദോഷങ്ങളും അനുഭവിച്ച എന്‍റെ അച്ഛൻ പോയി.. പിന്നെ എനിക്ക് എന്തു സംഭവിച്ചാല്‍ എന്ത് എന്ന ചിന്തയായിരുന്നു…

എന്റെ കേസുവന്നപ്പോള്‍ വിജയേട്ടൻ പൂര്‍ണ്ണമായും ഞങ്ങളോടൊപ്പം നിന്നു, നിയമസഭയിലും അദ്ദേഹം ഉറച്ച നിലപാടാണ് എടുത്തത് , ഇത് നല്‍കിയ ശക്തി വലുതായിരുന്നു. പിണറായി വിജയന്,കോടിയേരി ബാലകൃഷ്ണൻ ആരായിരുന്നു എന്ന് അച്ഛൻ മരണപ്പെട്ട അവസരത്തില്‍ ഈ നാട് കണ്ടതാണ് .സഖാവ് പിണറായി വിജയന്‍റെ കണ്ണുനിറഞ്ഞ മറ്റൊരു അവസരം എന്‍റെ അറിവില്‍ വേറെയില്ല.

എന്നാല്‍,ഇടതുപക്ഷ സഹയാത്രികര്‍ എന്നു പറയുന്ന ചിലരുടെ പ്രതികരണങ്ങള്‍ എന്നെ സംശയത്തില്‍ നിര്‍ത്തുന്നതായിരുന്നു.എന്റെ അപചയം എന്ന രീതിയിലും അവര്‍ പ്രതികരിച്ചു.അത് എന്നെ ഏറെ വേദനിപ്പിച്ചു.ഒരേ ആശയധാരകള്‍ പിന്തുടരുന്നവരായിട്ടും ഒരു ഇല്ലാക്കേസായിട്ടും എന്തേ എന്നോട് ഇങ്ങനെ എന്ന സംശയം എന്നെ മഥിച്ചിരുന്നു. ഇത്തരത്തില്‍,ഒരു പാര്‍ട്ടി നേതാവിന്‍റെ മകനെ ഇല്ലാത്ത കേസിന്‍റെ പേരില്‍ ഒരു വര്‍ഷം മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി ജയിലിട്ട് പീഡിപ്പിച്ച സംഭവം ചരിത്രത്തില്‍ വേറെ ഉണ്ടോ എന്നറിയില്ല , അത് പൂര്‍ണമായും രാഷ്ട്രീയ പക പോക്കലായിരുന്നു എന്ന് ചിന്തിക്കുവാനുള്ള ശേഷി അവര്‍ക്കില്ലാതെ പോയല്ലോ എന്ന് ഞാൻ ദുഖിച്ചിരുന്നു ഒരു ഘട്ടത്തില്‍ ദേഷ്യവും സങ്കടവും എല്ലാം കലര്‍ന്ന ഒരു വികാരമായിരുന്നു .
എന്നാല്‍,’ഈ പ്രസ്ഥാനത്തോടൊപ്പം നീ സഞ്ചരിച്ചത് കൊണ്ടാണ് എല്ലാം അതിജീവിക്കാനായുള്ള കരുത്ത് നിനക്കുണ്ടായത്, വികാരം ഒരിക്കലും വിചാരത്തെ മറികടക്കരുത് ‘.

എന്നായിരുന്നു അച്ഛന്റെ ഓര്‍മ്മപ്പെടുത്തല്‍. ഇതിന്‍റെ പേരില്‍, ഒരിക്കലും ആരോടും വിരോധം തോന്നരുത് , പതറരുത്, ഭാവി ജീവിതത്തില്‍ ഈ അനുഭവം നിനക്കു ഏറ്റവും വലിയ കരുത്തായി മാറും എന്നും പറഞ്ഞു. ഈ ഒറ്റ പറച്ചിലില്‍ കൊണ്ട് അച്ഛൻ മായ്ച്ചുകളഞ്ഞത് എന്‍റെ പരിഭവമായിരുന്നു, പാര്‍ട്ടിയോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കണമെന്ന ബോധമാണ് പകര്‍ന്നത് .

കോടിയേരിയെ കുറിച്ച്‌ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല എന്നത്കൊണ്ട് കൂടിയാണത്. എങ്കില്‍ ഞങ്ങളിലൂടെ അദ്ദേഹത്തെ ആക്രമിക്കാം എന്നതായിരുന്നു രീതി. കോടിയേരി ബാലകൃഷ്ണൻ എന്ന പാര്‍ട്ടി നേതാവിന്‍റെ കുടുംബാംഗങ്ങളായതുകൊണ്ടുമാത്രം ഞങ്ങള്‍ക്ക് ധാരാളം ആരോപണങ്ങളെ നേരിടേണ്ടി വന്നു എന്നതാണ് സത്യം. കുടുംബത്തിനെതിരെ നിരന്തരമായി ആരോപണങ്ങള്‍ വരികയും ആക്രമിക്കപ്പെടുകയും ചെയ്തപ്പോഴും മറ്റു പാര്‍ട്ടിയിലെ ആരെയും അച്ഛന്‍ വ്യക്തിപരമായി ഒന്നും പറയുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല.രാഷ്ട്രീയത്തെ രാഷ്ട്രീയമായിട്ടാണ് നേരിടേണ്ടതെന്നും വ്യക്തിഹത്യ പാടില്ലെന്നുമായിരുന്നു അച്ഛൻ സ്വീകരിച്ച നിലപാട്.

ഇനി കേരളത്തെ ശ്വാസംമുട്ടിക്കാൻ സാദ്ധ്യതയുള്ളത് സഹകരണമേഖല, യൂണിവേഴ്സിറ്റികള്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം തരാതിരിക്കുക , വികസന പ്രവര്‍ത്തങ്ങള്‍ക്കുള്ള കടത്തിന്റെ പരിധി വെട്ടി ചുരുക്കുക തുടങ്ങിയവയിലൂടെയാവും എന്ന് അച്ഛൻ പറഞ്ഞിരുന്നു.ഇന്ന് അവയെല്ലാം യാഥാര്‍ഥ്യമായി മാറുമ്ബോള്‍ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ എത്രമാത്രം ദീര്‍ഘ വീക്ഷണത്തോടെയാണ് അച്ഛൻ കാര്യങ്ങളെ കണ്ടിരുന്നതെന്ന് ബോധ്യമാവുകയാണ്.ഇത്തരത്തില്‍ അച്ഛനില്ലാത്ത കാലത്ത് അദ്ദേഹം എത്രമാത്രം പ്രസക്തനാവുന്നു എന്നും വ്യക്തമാവുന്നു.

ഞങ്ങളെയും കൊച്ചുമക്കളെയും അദ്ദേഹം അഗാധമായി സ്നേഹിച്ചിരുന്നു. എന്റെ മൂത്തമകള്‍ ഇപ്പോഴും അതിന്റെ ആഗാതത്തില്‍ നിന്നും മാറിയിട്ടില്ല , അവള്‍ക്ക് എല്ലാം പറയാനുള്ള ആള്‍ നഷ്ടപ്പട്ടു എന്നാണ് പറഞ്ഞത് , കാരണം കുട്ടികള്‍ക്ക് പോലും അവരുടെ കാര്യങ്ങള്‍ അത്രയും തുറന്നു പറയുവാൻ പറ്റിയ ആളായിരുന്നു അവരുടെ അച്ഛാച്ചൻ ..ഇപ്പോഴും എന്‍റെ ചെറിയ മോളെ ഞങ്ങള്‍ വഴക്കു പറഞ്ഞാല്‍,അച്ഛന്‍റെ ഫോട്ടോക്കടുത്തേക്ക് ഓടിയെത്തി ഞാൻ അച്ചാച്ചനോട് പറയും എന്നവള്‍ പറയും.അച്ഛന് പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും ഉണ്ടായിരുന്ന സ്നേഹവും കരുതലും കുടുംബത്തോടും ഉണ്ടായിരുന്നു
.
‘ഞാൻ അച്ചാച്ചനോട് പറയും’എന്ന് എന്‍റെ മോള്‍ പറയുമ്ബോഴും എവിടെച്ചെന്നാലും എന്നെ കാണുമ്ബോള്‍ കൈപിടിച്ച്‌,തോളില്‍ തട്ടി,കെട്ടിപ്പിടിക്കുന്ന മനുഷ്യരെ കാണുമ്ബോഴും ഞാൻ തിരിച്ചറിയുന്നത് എന്‍റെ മകളുടെ അച്ചാച്ചനെ,എന്‍റെ അച്ഛനെ,എന്നെ കെട്ടിപ്പിടിക്കുന്ന വരുടെ സഖാവിനെയാണ്.അവരുടെ തഴുകല്‍ ബിനീഷ് കോടിയേരിയെയല്ല,സഖാവ് കോടിയേരിയെ ആണ് എന്ന് ഞാൻ തിരിച്ചറിയുന്നു .
അച്ഛൻ പാര്‍ട്ടിയെ എപ്പോഴും ചേര്‍ത്തുപിടിക്കുകയാണ് ചെയ്തത് , വ്യകതിപരമായ ഒന്നും പാര്‍ട്ടിയെ ഉലക്കരുതെന്ന ഉറച്ച തീരുമാനം എപ്പോഴും കൈകൊണ്ടു , എന്റെ വിഷയം വന്നപ്പോഴും പരസ്യമായി പറഞ്ഞത് തെറ്റ് ചെയ്തെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും അവനാണ്‌ , പാര്‍ട്ടി എന്ന രീതിയിലുള്ള ഒരു സംരക്ഷണവും അവനുണ്ടാവില്ല എന്നാണ് …

അത് പാര്‍ട്ടിക് എതിരെ വരുന്ന ഒന്നും തന്റെ ഭാഗമായി ഉണ്ടാവരുത് എന്ന ദൃഡ നിശ്ചയത്തിന്റെ ഭാഗമായി കൂടിയാണ്.
പാര്‍ട്ടിക്കതീതമായ ഒരു വ്യക്തിത്വം സഖാവ് കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നില്ല.ഒരിക്കലും അദ്ദേഹം അത് ആഗ്രഹിച്ചിരുന്നുമില്ല.
‘എന്തല്ലാടാ… എപ്പോ വന്നൂ…വാ … എന്ന് ചിരിച്ചുകൊണ്ടിരുന്ന് പറയുന്ന അച്ഛന്‍റെ ശബ്ദം എന്‍റെ ചെവിയില്‍ ഇപ്പോഴും മുഴങ്ങുമ്ബോള്‍,വലതു കൈ ചെറുതായി പുറകോട്ട് വച്ച്‌ അച്ഛൻ ഇരിക്കുന്നത് ഇപ്പോഴും കാണുമ്ബോള്‍ അച്ഛൻ എത്രയധികം എന്‍റെ ഒരോ അണുവിലും നിറഞ്ഞുനിന്നിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.
കരളു പിടയുന്ന വേദനയില്‍ ഇതെല്ലാം എഴുതുമ്ബോളും മുന്നോട്ടുള്ള യാത്രയില്‍ അച്ഛനില്ലലോ എന്ന ദുഃഖം അത് …അത് മാറില്ല …
എന്ത് പ്രശ്നമുണ്ടെങ്കിലും ‘നമുക്ക്‌ നോക്കാട’ എന്ന് പറഞ്ഞു ആത്മവിശ്വാസം തന്ന എന്റെ സഖാവ് എന്റെ അച്ഛൻ എന്റെ സുഹൃത് ….. എല്ലാം പറയാൻ പറ്റുന്ന ഒരു സുഹൃത് കൂടിയായിരുന്നു എനിക്ക് അച്ഛൻ .. അച്ഛനോട് പറയാത്ത ഒന്നും എനിക്ക് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല …. ആ നഷ്ടമാണ് ഏറ്റവും വലിയ ജീവിത നഷ്ട്ടം ..
എത്ര കാലം ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചിരുന്നു എന്നതിലാണ് കാര്യം ..

ഓര്‍മ്മകള്‍ ജനങ്ങളുടെ മനസ്സില്‍ നല്ല അടയാളങ്ങള്‍ ആയി മായാതെ നില നിലനില്‍ക്കുന്നുണ്ടോ എന്നതിലാണ് സമൂഹം ഒരാളെ ഏറ്റെടുത്തിട്ടുണ്ടായിരുന്നോ എന്ന് മനസ്സിലാക്കുന്നത് , അതില്‍ സഖാവ് കോടിയേരി എന്നും ജനങ്ങളുടെ മനസ്സില്‍ കെടാതെ കത്തി നില്‍ക്കുന്ന മുൻപോട്ടുള്ള പാതയിലെ വിളക്കായി നില്‍ക്കും എന്നതില്‍ സംശയമില്ല .
ഒരു വിപ്ലവകാരി മരണപ്പെടുന്നതോടു കൂടി അയാള്‍ മറക്കപ്പെടുന്നില്ല .. അയാള്‍ കൂടുതല്‍ ഊര്‍ജ്ജമായി നമുക്ക് മുൻപില്‍ ഉയര്‍ന്ന് നില്‍ക്കും …
കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button