ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ താമസമാക്കിയ പാക്കിസ്ഥാനി യുവതിയോട് രാജ്യം വിടണമെന്ന് ഡല്‍ഹി ഹെെക്കോടതി. യുവതി ഇന്ത്യയില്‍ തങ്ങുന്നതിനെതിരെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലും കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയോട് രണ്ടാഴ്ചക്കകം രാജ്യം വിടണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. രാജ്യം വിടണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തളളി.
ഭര്‍ത്താവും രണ്ട് മക്കള്‍ക്കുമൊപ്പമാണ് അവര്‍ ഡല്‍ഹിയില്‍ കഴിയുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. രാജ്യം വിടണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സ്ത്രീയും ഭര്‍ത്താവുമാണ് കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 28 വരെ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2015 മുതല്‍ 2020 വരെ രാജ്യത്ത് തങ്ങുന്നതിനുള്ള ദീര്‍ഘകാല വിസ തനിക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് സ്ത്രീ കോടതിയില്‍ അവകാശപ്പെട്ടിട്ടുള്ളത്.
ഫെബ്രുവരി 22 നകം രാജ്യംവിടണമെന്ന നോട്ടീസാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ അത് പാലിക്കാത്ത പാക്കി വനിതക്ക് കോടതി ഇപ്പോള്‍ രണ്ടാഴ്ച സമയം കൂടി അനുവദിച്ചിരിക്കുകയാണ്. അനുവദിച്ച സമയത്തിനുളളില്‍ നിര്‍ദ്ദേശ പ്രകാരം രാജ്യം വിട്ടില്ലെങ്കില്‍ യുവതിക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments