ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി തുടർച്ചയായി അയക്കുന്ന സമൻസുകൾക്കെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഇഡി അയച്ച എല്ലാ സമൻസുകൾക്കെതിരെയുമാണ് അദ്ദേഹം ഹർജി നൽകിയിരിക്കുന്നത്.
ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച ഹർജി പരിഗണിക്കും. ഒമ്പത് സമൻസുകളാണ് ഇതുവരെ എൻഫോഴ്‌സ്‌മെന്റ് അരവിന്ദ് കെജ്രിവാളിന് അയച്ചിരിക്കുന്നത്. മദ്യനയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമൻസ്. ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അരവിന്ദ് കെജ്രിവാൾ ഇതുവരെ തയ്യാറായിട്ടില്ല.
ഇഡി കെജ്രിവാളിന് ഒമ്പതാമത്തെ സമൻസ് ഞായറാഴ്ചയാണ് അയച്ചത്. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നാണ് ഈ സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കെജ്രിവാളിന്റെ പേര് പലതവണ ഡൽഹി മദ്യനയ കേസിന്റെ കുറ്റപത്രത്തിൽ പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്.
2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികൾ കെജ്രിവാളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു.
Post Your Comments