ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1800 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാർട്ടിക്ക് കൈമാറി. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. നികുതി പുനർനിർണയ നടപടികൾക്കെതിരായ പാർട്ടിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണിത്. 1,823.08 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ചതായി കോൺഗ്രസ് സ്ഥിരീകരിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി തകർക്കാൻ ബിജെപി നികുതി ഭീകരതയിൽ ഏർപ്പെടുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
2014–15 മുതൽ 2016-17 വരെയുള്ള പുനര്‍നിർണയം ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പുനര്‍നിർണയത്തിനുള്ള കാലാവധി ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന ഞായറാഴ്ച് കഴിയും. അതിന് മുമ്പ് പുനര്‍നിർണയം നടത്തി പിഴയും പലിശയുമടക്കം മറ്റൊരു നോട്ടീസ് കൂടി കോൺഗ്രസിന് നൽകാനാണ് സാധ്യത.
നികുതി അധികാരികൾ നാല് വർഷത്തേക്ക് നികുതി പുനർനിർണയ നടപടികൾ ആരംഭിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച ഹർജികൾ വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. പുനർമൂല്യനിർണയം ഒരു വർഷത്തേക്ക് കൂടി തുറക്കുന്നതിൽ ഇടപെടാൻ വിസമ്മതിച്ച മുൻ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹർജികൾ തള്ളുന്നതെന്ന് ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2014-15 മുതൽ 2016-17 വരെയുള്ള മൂല്യനിർണ്ണയ വർഷങ്ങളുമായി ബന്ധപ്പെട്ട പുനർമൂല്യനിർണ്ണയ നടപടികൾ ആരംഭിക്കുന്നതിനെ കോൺഗ്രസ് പാർട്ടി കഴിഞ്ഞയാഴ്ച തള്ളിയ മുൻ ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.
Post Your Comments