ന്യൂദല്‍ഹി: മാസപ്പടി വിവാദം സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒയ്ക്ക്(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) 10 ദിവസത്തെ സമയം അനുവദിച്ച് ദല്‍ഹി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്ലിന്റെ ഹർജി ഹൈക്കോടതി ഡിസംബര്‍ 4 ന് പരിഗണിക്കും.
കേസില്‍ ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകണമെന്നും സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എസ്എഫ്‌ഐയ്ക്ക് ദല്‍ഹി ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.
ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് സിഎംആര്‍എല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതി ഹർജി പരിഗണിക്കുന്നത് ഡിസംബറിലേക്ക് മാറ്റിയത്.
കേസില്‍ കക്ഷി ചേരാന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ അപേക്ഷ ഉള്‍പ്പെടെയാണ് അന്ന് പരിഗണിക്കുക. നേരത്തെയും അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എസ്എഫ്‌ഐഒയ്ക്ക് ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
Post Your Comments