അവസാനം ആ സുപ്രധാന വാർത്ത സ്ഥിരീകരിക്കപ്പെട്ടു; ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ ‘ഇറ്റാലിയൻ മാഡ’ത്തിനും ‘മകനും’ റോളുണ്ട്. മാഡത്തിന്റെ പേര് ഈ ഇടപാടിലെ ദല്ലാൾ ക്രിസ്ത്യൻ മിഷേൽ സ്ഥിരീകരിച്ചു; മകന്റെ പങ്കും ഏറെക്കുറെ വ്യക്തം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആവാൻ തയ്യാറെടുത്തിരിക്കുന്ന ആളാണ് മകൻ എന്നും മിഷേൽ പറഞ്ഞതായാണ് വാർത്തകൾ വരുന്നത്. ഇന്ന് ഡൽഹിയിലെ പാട്യാല കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രേഖകളിലാണ് ഇതുള്ളത്. മിഷേൽ തന്റെ കത്തുകളിലും മറ്റും ‘ആർ’ എന്ന് സൂചിപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. അത് ആരാണ് എന്ന് ചോദിച്ചറിയേണ്ടതുണ്ട് എന്നും അതിനായി കൂടുതൽ ദിവസം ദല്ലാളിനെ കസ്റ്റഡിയിൽ വേണമെന്ന വാദം കോടതി അംഗീകരിച്ചു. അതായത് ‘ആർ’ എന്ന വിവിഐപി ആരാണ് എന്ന് അടുത്തദിവസങ്ങളിൽ രാജ്യത്തിന് വ്യക്തത വരും. എന്തായാലും ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന് ഇത് കഷ്ടകാലം തന്നെ; അതിലേറെ ഇത് വിഷമിപ്പിക്കുക എകെ ആന്റണി എന്ന മുൻ പ്രതിരോധ മന്ത്രിയെ ആവും.
ക്രിസ്ത്യൻ മിഷേൽ കുറെ ദിവസമായി സിബിഐ കസ്റ്റഡിയിലുണ്ടായിരുന്നു; അവിടെനിന്നാണ് അയാളെ എൻഫോഴ്‌സ്‌മെന്റ് അധികൃതർ ഏറ്റെടുത്തത്. എന്താവാം അയാൾ സിബിഐക്കും എൻഫോഴ്‌സ്‌മെന്റിനും നൽകിയ മൊഴികൾ എന്നത്, സ്വാഭാവികമായും, സോണിയ- രാഹുൽ- വാദ്രമാരെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അവർ വിഷമിച്ചിരുന്ന എന്നത് എന്തൊക്കെയോ കുഴപ്പം കാണിച്ചിരുന്നു എന്നത് കൊണ്ടാണ്; മടിയിൽ കനമില്ലാത്തവർക്ക് മനസ്സിൽ വിഷമമുണ്ടാവേണ്ട കാര്യമില്ലല്ലോ; പലതും മറച്ചുവെക്കുന്നവർക്ക് ഭയപ്പെടേണ്ടതായുമുണ്ട്. ഇതിനിടെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ഓൺലൈനിൽ ഇത് സംബന്ധിച്ച ഒരു വാർത്ത വന്നിരുന്നു; മിഷേലിന് കിട്ടിയ പണത്തിന്റെ കണക്ക്, അത് സംബന്ധിച്ച് ആഗസ്റ്റ വെസ്റ്റ്‌ലാന്റിന്റെ വൈസ് പ്രസിഡണ്ട് ( ഓഡിറ്റ്) ആയ ജിർജിയോ കസാന നൽകിയ വിവരങ്ങൾ; മിഷേലും ആഗസ്റ്റ വെസ്റ്റ്‌ലാൻഡുമായി നടത്തിയ ഇമെയിൽ ഇടപാടുകൾ, കത്തുകൾ, ഫാക്സ് സന്ദേശങ്ങൾ ……… അത്തരം വലിയൊരു ശേഖരം ഇപ്പോൾ തന്നെ സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും കയ്യിലുണ്ട് എന്നാണ് വാർത്തയിൽ പറയുന്നത്. ക്രിസ്ത്യൻ മിഷേൽ 276 കോടിരൂപ പലർക്കായി കൊടുത്തത്, ചെലവിട്ടത് കാണിക്കുന്നതാണ് ആ ഓഡിറ്റ് റിപ്പോർട്ട്. അത് ചെറിയ തുകയല്ലല്ലോ. അതായത്, ഏതാണ്ടൊക്കെ കേസ് തെളിയിക്കുന്നതിന് ആവശ്യമായതെല്ലാം കയ്യിൽ വെച്ചുകൊണ്ടാണ് സിബിഐയും മറ്റും മിഷേലിനെ നേരിടുന്നത്. മാത്രമല്ല, ഇറ്റാലിയൻ കോടതി തെളിവായി ശേഖരിച്ച നോട്ടുകൾ (കുറിപ്പുകൾ ) മിഷേലിന്റെ കൈപ്പടയിൽ തന്നെയാണോ എന്ന് പരിശോധിക്കാൻ സിബിഐ തയ്യാറായതും കോൺഗ്രസുകാരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ആ കുറിപ്പുകളിൽ ആണല്ലോ “എപി, ഫാമിലി. പൊളിറ്റിക്കൽ ” തുടങ്ങിയ പരാമർശങ്ങൾ ഉള്ളത്.
‘എപി’ എന്നത് അഹമ്മദ് പട്ടേൽ ആണ് എന്നും ഫാമിലി എന്നത് സോണിയ പരിവാർ ആണ് എന്നുമൊക്കെ നാട്ടിൽ സംസാരമുണ്ടായിരുന്നു. പക്ഷെ, അത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. പാർലമെന്റിൽ ആഗസ്റ്റ തട്ടിപ്പ് സംബന്ധിച്ച ചർച്ച നടക്കുമ്പോഴും ആ പേരുകൾ ഉന്നയിക്കാൻ അനുവദിച്ചില്ല എന്ന് കരുതപ്പെടുന്നവരുണ്ട്; വിവാദമാവാതെ ചർച്ച നടക്കട്ടെ എന്നതാവണം അന്ന് സഭയിലുണ്ടായിരുന്നവർ കരുതിയത്.പക്ഷെ അന്നും അവിടെ സംസാരിച്ച ഡോ. സുബ്രമണ്യൻ സ്വാമി ആ പേരുകളിലേക്ക് ചില സൂചനകൾ നൽകി. ഇറ്റാലിയൻ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സ്വാമിയുടെ നീക്കം. യഥാർഥത്തിൽ ആരാണ് തട്ടിപ്പ് നടത്തിയത്, ആർക്കാണ് പണം കിട്ടിയത്, ആരാണ് അതിനായി താത്പര്യമെടുത്തത് ……. അതൊക്കെ സർവർക്കും അറിയാമായിരുന്നു. എന്തിനേറെ പറയുന്നു, പലരും കരുതുന്നത് എകെ ആന്റണി പോലും ബോധവാനായിരുന്നു എന്നതാണ്. അഴിമതി നടന്നു എന്നുപറഞ്ഞുകൊണ്ട് ആ ഇടപാട് റദ്ദാക്കിയത് ആന്റണിയാണല്ലോ. അഴിമതി നടത്തിയത് ആരാണ് എന്ന് അറിയാതെ അത് റദ്ദാക്കാൻ ഒരു സർക്കാരിന് കഴിയുമായിരുന്നില്ലല്ലോ ……. സ്വാഭാവികമായും അങ്ങിനെയല്ല കരുതാനാവൂ. പക്ഷെ ആന്റണി അന്നൊന്നും നവനാക്കിയില്ല; ഇതുവരെ ഒന്നും ഉരിയാടിയില്ല. ഇനിയിപ്പോൾ സോണിയ പരിവാർ മാത്രമല്ല ഒരു പക്ഷെ കേരളത്തിലെ ആ മുതിർന്ന കോൺഗ്രസുകാരനും അന്വേഷണത്തിന്റെ പരിധിയിൽ വന്നാൽ അതിശയിക്കാനില്ല.
അത് മാത്രമല്ല പുറത്തുവരേണ്ടതായിട്ടുള്ളത്. ഇന്ത്യയിലെ മാധ്യമ പ്രവർത്തകരിൽ കുറെപ്പേർക്ക് ഈ തട്ടിപ്പിന്റെ പ്രയോജനം കിട്ടി എന്ന് കരുതുന്നവരുണ്ട്. നാല്പത് കോടി രൂപയാണ് മാധ്യമ പ്രവർത്തകർക്ക് കൊടുക്കാനായി നീക്കിവെച്ചത് എന്നും അത് അവര്ക്ക് കൊടുത്തു എന്നുമാണ് കേട്ടത്. ശമ്പളം എന്ന പോലെ ഓരോ മാസവും മാധ്യമ പ്രവർത്തകർക്ക് കൊടുക്കുകയായിരുന്നുവത്രെ. എന്തിന് വേണ്ടിയാണിത്?. ആഗസ്റ്റ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ മുക്കുന്നതിന് വേണ്ടിയാണ് എന്ന് തീർച്ച; പിന്നെ ആ ഇടപാട് സുഖകരമായി നടപ്പിലാക്കാനായി വാർത്തകൾ സൃഷ്ടിക്കാനും. ഇരുതല മൂർച്ചയുള്ള പദ്ധതിയാണ് കോഴവിഹിതം കൈപ്പറ്റിയ മാധ്യമ സഖാക്കൾ ഏറ്റെടുത്തത്. ആ മാധ്യമ പ്രവർത്തകരെ കണ്ടെത്താനുള്ള ചുമതലയും ഇപ്പോൾ അന്വേഷണ ഏജൻസികൾക്കുണ്ട് . അതും പുറത്തുവരുമെന്ന് ഏറെക്കുറെ തീർച്ചയാണ്.
എന്നാൽ അതൊന്നുമല്ല ഇതിലെ രാഷ്ട്രീയ പ്രാധാന്യം. ‘ആർ’ ആരാണ് എന്നത് നിർണ്ണായകം; ഇറ്റാലിയൻ മാഡത്തിന്റെ പുത്രനും ‘ആർ’ എന്ന വ്യക്തിയും ഒന്നാണ് എന്ന് ബോധ്യപ്പെട്ടാൽ എല്ലാം ഓക്കേ. മറ്റൊന്ന്, പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ ഇടപെടാൻ തനിക്കായിരുന്നു എന്ന് മിഷേൽ വ്യക്തമാക്കിയിരുന്നു. അത് സാധാരണക്കാരന് കഴിയുന്ന കാര്യമല്ലല്ലോ. അപ്പോൾ അതിന് പിന്നിൽ അത്രവലിയ സ്വാധീനമുള്ളവർ ഉണ്ടായിരുന്നു എന്ന് തീർച്ച. ‘ഇറ്റാലിയൻ മാഡം’ ആവാമത്, ‘ആർ’ അതിനുള്ള സാധ്യതയുള്ള വ്യക്‌തിയാണ്; ‘എപി’-യുമായും അത് ബന്ധപ്പെട്ടിരിക്കുന്നു എന്നും കരുതുന്നവരുണ്ട്. അതൊക്കെയാണ് തിരിച്ചറിയേണ്ടത് ………….. അടുത്തനാളുകളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരിക തന്നെ ചെയ്യും. അധികാരത്തിന്റെ തണലിൽ നടത്തിവന്ന വൻ തട്ടിപ്പുകൾ പുറത്തുവയ്ക്കതന്നെ ചെയ്യും.
Post Your Comments