ഡൽഹി : അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുകേസിലെ മുഖ്യ കൂട്ടുപ്രതികളായ രണ്ടു പേരെക്കൂടി ഇന്ത്യയിലെത്തിച്ചു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കൗണ്ടന്റ് രാജീവ് സക്സേന, ദീപക് തല്‍വാര്‍ എന്നിവരെയാണ് യുഎഇയില്‍നിന്നും ഇന്ത്യയിലെത്തിച്ചത്. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ രണ്ടു മാസം മുമ്ബ് ഇന്ത്യക്കു കൈമാറിയതിനു പിന്നാലെയാണ് കേസിലെ മറ്റു രണ്ടു പ്രതികളെക്കൂടി യുഎഇ കൈമാറ്റം ചെയ്തിരിക്കുന്നത്.
സക്സേനയെ രാവിലെ ദുബായിലെ വീട്ടില്‍ നിന്നു പോലീസ് കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറുകയായിരുന്നു. പ്രത്യേക വിമാനത്തിലാണ് ഇരുവരെയും ഇന്ത്യയിലേക്കു കൊണ്ടുവന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും റോയിലേയും ഉന്നത ഉദ്യോഗസ്ഥരും പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നു. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെട്രിക്സ് ഹോള്‍ഡിംഗ്സ് ഡയറക്ടറാണ് സക്സേന. കേസില്‍ പ്രതി ചേര്‍ത്തതോടെ സക്സേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്ത വെസ്റ്റ്ലാന്‍ഡിനു ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് മിഷേല്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. 2015-ല്‍ മിഷേലിനെതിരേ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടിസും പുറത്തിറക്കി. 2017 ഫെബ്രുവരിയിലാണ് ദുബായില്‍ മിഷേല്‍ അറസ്റ്റിലായത്.
Post Your Comments