ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല കുറ്റപത്രത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ചൂണ്ടിക്കാട്ടി ബിജെപി വിമര്‍ശനം ശക്തമാക്കി. കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന എപി ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കുറ്റപത്രത്തിലെ ആര്‍ജി എന്നത് ആരുടെ പേരാണ്? എന്താണ് ഫാം (ഫാമിലി)? ജെയ്റ്റ്‌ലി ചോദിച്ചു.ബോഫോഴ്‌സ് കേസില്‍ മാര്‍ട്ടിന്‍ ആര്‍ഡ്‌ബോയുടെ ഡയറിയിലെ ക്യൂ എന്ന അക്ഷരം ആരെയാണ് സൂചിപ്പിച്ചതെന്ന് ഇന്ന് രാജ്യത്തിനറിയാം.
എന്തു വില കൊടുത്തും ക്യുവിനെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്, ഒട്ടോവിയോ ക്വത്‌റോച്ചിയെ പരാമര്‍ശിച്ചുകൊണ്ട് ജെയ്റ്റ്‌ലി പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ക്വത്‌റോച്ചിയെ രാജ്യത്തുനിന്ന് രക്ഷിക്കാന്‍ നരസിംഹറാവു സര്‍ക്കാര്‍ സഹായം ചെയ്തു നല്‍കിയെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ക്യു എന്ന ഡയറിയിലെ പരാമര്‍ശം ഇത്ര കാലത്തിനുശേഷം കോണ്‍ഗ്രസിനെ വേട്ടയാടുമ്പോഴാണ് എപി (അഹമ്മദ് പട്ടേല്‍), ആര്‍ജി (രാഹുല്‍ഗാന്ധി), ഫാം (സോണിയാ കുടുംബം) എന്നീ പേരുകള്‍ക്ക് വീണ്ടും പാര്‍ട്ടി മറുപടി പറയേണ്ടിവരുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
ഇവര്‍ക്ക് ഹെലികോപ്റ്റര്‍ കരാറിനെ സ്വാധീനിക്കാന്‍ തക്ക ശേഷിയുള്ളവരാണോയെന്നും അരുണ്‍ ജെയ്റ്റ്‌ലി പരിഹസിച്ചു.പൊതുജനം അഴിമതിക്കാരെ മറക്കുകയോ അവര്‍ക്ക് മാപ്പ് കൊടുക്കുകയോ ചെയ്യില്ല. എല്ലാവര്‍ക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ സ്വന്തം കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മാറി നടക്കലാണ് രാഹുലിന്റെ രീതി. തെറ്റായ വിശദീകരണം നല്‍കുന്നതിനേക്കാള്‍ ജനങ്ങള്‍ക്ക് ബോധ്യമാകുന്നത് കോണ്‍ഗ്രസിന്റെ മൗനമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
അഴിമതിയെപ്പറ്റിയുള്ള തെളിവുകള്‍ പുറത്തുവരുമ്പോള്‍ നിശ്ശബ്ദത പാലിക്കുകയല്ല ചെയ്യേണ്ടത്. ഒരു പ്രതിക്ക് നിശ്ശബ്ദത പാലിക്കാമെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ഒരാള്‍ക്ക് അത്തരം മൗനം നല്ലതല്ല, ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
Post Your Comments