ന്യൂഡല്‍ഹി : പ്രസിഡന്‍റിന്‍റെ അംഗരക്ഷക ജോലിക്കായുളള റിക്രൂട്ട്മെന്‍റില്‍ അപേക്ഷയില്‍ നിര്‍ദ്ദേശിച്ച ജാതിയില്‍പ്പെടാത്തതിനാല്‍ അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാന സ്വദേശി സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹെെക്കോടതി പരിഗണിച്ചു. ജോലിക്കായുളള റിക്രൂട്ട്മെന്‍റില്‍ 3 ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയുവെന്നുളളൂ ആയതിനാല്‍ തനിക്ക് അവസരം നിഷേധിക്കപ്പെട്ടെന്നും കാട്ടിയാണ് ഹരിയാന ക്കാരനായ ഗൗരവ് യാദവ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധര്‍, സഞ്ജീവ് നാരുള്ള എന്നിവര്‍ കേന്ദ്ര പ്രതിരോധ വകുപ്പ്, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, പ്രസിഡന്‍റിന്‍റെ ബോഡിഗാര്‍ഡ് കമാന്‍റന്‍റ്, ആര്‍മി റിക്രൂട്ട്മെന്‍റ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസിഡന്‍റിന്‍റെ അംഗരക്ഷകരെ തെരഞ്ഞെടുക്കാനുള്ള റിക്രൂട്ട്മെന്‍റ് നടത്തിയപ്പോള്‍ ജാട്ട്, രജപുത്, ജാട്ട് സിഖ് എന്നീ വിഭാഗങ്ങളില്‍ പെടുന്നവരെ മാത്രമാണ് ക്ഷണിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
റിക്രൂട്ട്മെന്‍റിനുള്ള മറ്റ് യോഗ്യതകളെല്ലാം തനിക്കുണ്ടായിരുന്നെന്നും എന്നാല്‍, അഹിര്‍/യാദവ് വിഭാഗമായതിനാല്‍ തന്നെ പരിഗണിച്ചില്ലെന്നുമാണ് ഗൗരവിന്‍റെ വാദം.
ജാതി, മതം, ലിംഗം, നിറം, ജനനസ്ഥലം എന്നിവ കാരണം വിവേചനം പാടില്ലെന്നുള്ള ഇന്ത്യന്‍ നിയമം തെറ്റിച്ചാണ് റിക്രൂട്ട്മെന്‍റ് നടന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments