ദുബായ്: കേരളമനസാക്ഷിയെ നടുക്കിയ കെവിൻകൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ ദുബായിലെ ജോലി നഷ്ടമായേക്കും. 26കാരനായ ഷാനു ചാക്കോ ദുബായിൽ ഇലട്രിക്കൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച എമർജൻസി ലീവ് എടുത്താണ് ഷാനു നാട്ടിലെത്തിയത്. സഹോദരിയുടെ കാര്യത്തിൽ അത്രയേറെ ശ്രദ്ധ ഉണ്ടായതിനാലാണ് ഷാനുവിന് ലീവ് അനുവദിച്ചതെന്നും, അയാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഇത്തരം ഒരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്പനിയുടെ ഉടമ പറഞ്ഞു. ഷാനു ചാക്കോ തിരിച്ച് ദുബായിലേക്ക് വരേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ജൂലൈ വരെയാണ് ഷാനു ചാക്കോയുടെ വിസയുടെ കാലാവധി. ആറ് മാസത്തിനുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ വിസ തനിയെ കാലഹരണപ്പെടും.അടിയന്തരമായി വീട്ടിൽ പോണമെന്ന് ആവശ്യപ്പെട്ട ഷാനു കമ്പനി ഉടമയുടെ മുന്നിൽ കരഞ്ഞ് അപേക്ഷിക്കുകയായിരുന്നു. സഹോദരി നീനു ഒരു ചെറുപ്പക്കാരനൊപ്പം ഇറങ്ങി പോയിയെന്നും, അച്ഛൻ സുഖമില്ലാത്ത അവസ്ഥയിലായതിനാൽ താൻ വീട്ടിൽ ഉണ്ടാകണമെന്നുമായിരുന്നു ഷാനുവിന്റെ ആവശ്യം. പെങ്ങളോടും കുടുംബത്തോടുമുള്ള ഷാനുവിന്റെ സ്നേഹം കണ്ടാണ് ലീവ് അനുവദിച്ചത്. എന്നാൽ ഷാനു ഇങ്ങനെ ഒരു അരുംകൊല ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഉടമ പറയുന്നു.
ALSO READ: കെവിന്റെ കൊലപാതകം : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ വാഹന ഉടമ
ഞാറാഴ്ചയാണ് കെവിനെ മാന്നാനത്തെ ബന്ധുവീട്ടിൽ നിന്ന് 13പേർ അടങ്ങിയ സംഘം തട്ടിക്കൊണ്ടു പോയത്.
അടുത്ത ദിവസം തെന്മലയ്ക്കടുത്ത് കായലിൽ നിന്ന് കെവിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നീനുവിന്റെ വീട്ടുകാരുടെ പങ്കും പോലീസുകാരുടെ ഒത്താശയും വ്യക്തമാണ്. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ, അച്ഛൻ ചാക്കോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments