കഥകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. മുത്തശ്ശിമാര്‍ പറയുന്ന കെട്ടുകഥയിലെ കാര്യങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് രാജസ്ഥാനിലെ ഒരു ഗ്രാമത്തിനു പറയാനുള്ളത്. യാത്രകള്‍ നടത്തുമ്പോള്‍ ഓരോ ഗ്രാമത്തിന്റെയും ചരിത്രവും ഐതീഹ്യവും നമുക്ക് അറിയാന്‍ കഴിയും. അത്തരം ഒരു കഥയാണ് രാജസ്ഥാനിലെ ധോല്‍പൂര്‍ എന്നു പേരായ പട്ടണത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള രാജ്ഘട്ട് എന്ന ഗ്രാമം പങ്കുവയ്ക്കുന്നത്.
22 വര്‍ഷമായി ഈ നാട്ടില്‍ ഒരു വിവാഹം നടന്നിട്ട്. പുരുഷന്‍മാര്‍ അവിവാഹിതരായി ജീവിക്കുന്ന രാജ്ഘട്ടിന്റെ വിശേഷങ്ങള്‍. 1996 ലാണ് അവസാനമായി ഒരു പെണ്‍കുട്ടി ഈ ഗ്രാമത്തിലേക്ക് വിവാഹിതയായി എത്തിയത്. അതിനു ശേഷം ഈ 22 വര്‍ഷത്തിനുള്ളില്‍ ഈ ഗ്രാമത്തിലെ ഒരു പുരുഷന്‍ പോലും വിവാഹിതനായിട്ടില്ല. ക്രോണിക് ബാച്ചിലേഴ്‌സ് ആയിട്ടുള്ള പുരുഷന്‍മാര്‍ ജിവിക്കുന്ന ഒരു നാട്.
ജയ്പ്പൂരില്‍ നിന്നും 283 കിലോമീറ്റര്‍ അകലെയാണ് ധോല്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. ധോല്‍പൂരിനു സമീപത്തുള്ള വലിയ പട്ടണം എന്നു പറയുന്നത് ഗ്വാളിയോറാണ്. 65.9 കിലോമീറ്ററാണ് ഗ്വാളിയോറില്‍ നിന്നും ധോല്‍പൂരിലേക്കുള്ള ദൂരം. ഗ്വാളിയാറില്‍ നിന്നും മൊറേന വഴിയാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. മധ്യപ്രദേശിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തിക്ക് സമീപത്താണ് ഇവിടമുള്ളത്.
വളരെ പ്രാകൃതമായ രീതിയിലാണ് ആളുകള്‍ ഇവിടെ ജീവിക്കുന്നത്. പരിഷ്കൃത സമൂഹത്തിന്റെ യാതൊരു വിധ വികസനവും എത്താത്ത ഈ ഗ്രാമത്തിലെ ആകെയുള്ള വികസനം പൈപ്പാണ്.
5400 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന നാഷണല്‍ ചംമ്പല്‍ സാങ്ച്വറി രാജ്ഘട്ട് ഗ്രാമത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ വൈല്‍ഡ് ലൈഫ് സാങ്ച്വറിയോട് ചേര്‍ന്നായതിനാല്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജീവിവര്‍ഗ്ഗങ്ങള്‍ ഇവിടെ അധിവസിക്കുന്നുണ്ട്.
Post Your Comments