KeralaLatest NewsNews

ഗായകന്‍ രാജേഷിന്റെ കൊലയെ കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം

മടവൂര്‍ : ഗായകന്‍ രാജേഷിന്റെ കൊലയെ കുറിച്ച് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം. ആരാണ് രാജേഷിന്റെ കൊലയ്ക് പിന്നില്‍. ”ഈ നാട്ടില്‍ ഏതു പാതിരാത്രി ഇറങ്ങി നടന്നാലും എന്റെ മോനെ ആരും ഒന്നും ചെയ്യില്ല. കാരണം അവന്‍ ആര്‍ക്കും ഒരുപദ്രവവും ചെയ്തിട്ടില്ല. എല്ലാവര്‍ക്കും അവനെ വലിയ കാര്യവുമായിരുന്നു. കൊല്ലാന്‍വേണ്ടി എന്ത് തെറ്റാണ് അവന്‍ ചെയ്തതെന്നെനിക്കറിയില്ല. ആരാണിത് ചെയ്തതെന്നും എന്തിനായിരുന്നുവെന്നും എനിക്കറിയണം”-മടവൂരില്‍ അക്രമികളുടെ വെട്ടേറ്റുമരിച്ച പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിന്റെ അച്ഛന്‍ രാധാകൃഷ്ണക്കുറുപ്പിന്റെ വാക്കുകളാണിത്. കഴിഞ്ഞ ചൊവാഴ്ചയാണ് ആറ്റിങ്ങലിനെ നടുക്കിയ കൊലപാതകം നടന്നത്.

ഗാനമേള കഴിഞ്ഞു സ്റ്റുഡിയോയില്‍ വിശ്രമിക്കുകയായിരുന്ന രാജേഷിനെ ഒരു സംഘം സ്വിഫ്റ്റ് കാറില്‍ വന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബമല്ല രാജേഷിന്റേത്. രാജേഷിനും അച്ഛനമ്മമാര്‍ക്കും കൂടിയുള്ളത് ആകെ അഞ്ച് സെന്റും അതില്‍ പഴയൊരു ഓടിട്ട വീടുമാണ്. പാറമടയിലെ തൊഴിലാളിയായിരുന്ന രാധാകൃഷ്ണക്കുറുപ്പ് 20 വര്‍ഷം മുമ്പ് അത് മതിയാക്കി പാചകജോലിക്ക് പോയിത്തുടങ്ങി. രാജേഷും ആശാദേവിയുമാണ് രാധാകൃഷ്ണക്കുറുപ്പ്-വസന്ത ദമ്പതിമാരുടെ മക്കള്‍. മകള്‍ വിവാഹം കഴിഞ്ഞ് കിഴക്കനേലയിലാണ് താമസിക്കുന്നത്. രാജേഷിന്റെ പിതാവ് തിങ്കളാഴ്ച രാത്രി വാമനപുരം കുറ്റൂര്‍ ധര്‍മശാസ്താക്ഷേത്രത്തില്‍ അന്നദാനത്തിനുള്ള പാചകം ഏറ്റിരുന്നു.

അവിടെ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബന്ധു വിളിച്ച് രാജേഷിന് വെട്ടേറ്റ വിവരം പറഞ്ഞത്. ഉടന്‍തന്നെ വീട്ടിലെത്തി. വിവരമറിഞ്ഞെത്തിയ ബന്ധുക്കളോടൊപ്പം മെഡിക്കല്‍കോളേജിലേക്ക് പോയി. അവിടെയെത്തിയപ്പോഴാണ് മരണവാര്‍ത്ത രാജേഷിന്റെ പിതാവ് അറിയുന്നത്. രാജേഷ്, പ്രീഡിഗ്രി ഒന്നാംക്ലാസോടെ ജയിച്ചശേഷം ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും സാമ്പത്തികപ്രയാസങ്ങള്‍ നിമിത്തം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോകുമായിരുന്നു. അതിനിടയിലാണ് കൊച്ചിയില്‍ റെഡ് എഫ്.എമ്മില്‍ ജോലി കിട്ടിയത്.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് മതിയാക്കി. വീണ്ടും ട്യൂഷനും മറ്റുമായി നില്‍ക്കുന്നതിനിടെയാണ് വിവാഹാലോചനകള്‍ നടന്നത്. ഈ സമയത്ത് വീണ്ടും കൊച്ചിയില്‍ പഴയ ജോലിക്കുചേര്‍ന്നു. വിവാഹശേഷം ആ സ്ഥാപനത്തിന്റെ തിരുവനന്തപുരം യൂണിറ്റില്‍ ചേരുകായിരുന്നു. അതിനുശേഷം 2016 ജൂണിലാണ് ഖത്തറില്‍ ജോലിക്ക് ചേര്‍ന്നത്. ജോലി നഷ്ടപ്പെട്ട് 2017 മേയ് മാസത്തില്‍ നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് വീടിനടുത്ത് ഒരു വീടിന്റെ രണ്ടാമത്തെ നിലയില്‍ റെക്കോഡിങ് സ്റ്റുഡിയോ തയ്യാറാക്കി പ്രവര്‍ത്തനം തുടങ്ങി. നാടന്‍പാട്ട് സംഘത്തിനൊപ്പം കൂടുകയും ചെയ്തു. ഒരുമാസം മുമ്പാണ് മടവൂരിലേക്ക് സ്റ്റുഡിയോ മാറ്റിയത്.

തിരക്കുള്ള ജങ്ഷനായതിനാല്‍ പകല്‍നേരത്ത് പുറത്തെ ശബ്ദം ശല്യപ്പെടുത്തുന്നതിനാല്‍ രാത്രിയിലാണ് റെക്കോഡിങ് നടത്തിയിരുന്നത്. ”ഞങ്ങളുടെ ഏകപ്രതീക്ഷയായിരുന്നു അവന്‍. സ്വന്തമായി സ്ഥലംവാങ്ങി വീട് വെയ്ക്കണമെന്നുള്ള സ്വപ്‌നങ്ങളുമായിട്ടുള്ള ഓട്ടത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം…” ഇതിനുള്ള ഉത്തരം പോലീസ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബവും നാട്ടുകാരും. രാജേഷിന്റെ ഭാര്യ രോഹിണി എട്ടുമാസം ഗര്‍ഭിണിയാണ്. മൂത്തകുട്ടി അര്‍ജുന്‍ കൈലാസം മഹാദേവവിലാസം വിദ്യാലയത്തിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്. മകന്റെ മരണത്തില്‍ തളര്‍ന്ന അമ്മയെ കഴിഞ്ഞദിവസം ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button