ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സാന്ത്വനം കുവൈറ്റ് തങ്ങളുടെ നിരന്തര സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പതിനേഴാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു. ജനുവരി 26ന് വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മംഗഫ് റൗണ്ട് എബൗട്ടിനടുത്തുള്ള “ക്ലാസ്സിക്” ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ സംഘടനയുടെ അംഗങ്ങളും, അഭ്യുദയകാംക്ഷികളും, കുവൈറ്റിലെ പ്രവാസി സാമൂഹ്യസേവന രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.
കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതോടൊപ്പം കേരളത്തിലും കുവൈറ്റിലും കഴിയുന്ന നിസ്സഹായരും നിർധനരുമായ രോഗികൾക്ക് വേണ്ടി കൂടുതൽ ഉപയോഗപ്രദവും കാര്യക്ഷമവുമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ച തുടങ്ങിയവ പൊതുയോഗത്തിലെ മുഖ്യ വിഷയങ്ങളായിരിക്കും. വാർഷിക സുവനീറായ “സ്മരണിക 2017” ഈ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്യും.
ഇതുവരെയുള്ള പ്രവർത്തന വർഷങ്ങളിൽ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന പതിനായിരത്തിലധികം നിർധനരായ രോഗികൾക്ക് ചികിത്സാസഹായം നൽകുവാൻ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. വിവിധ തരത്തിലുള്ള അനവധി ചികിത്സാ സഹായ പദ്ധതികളാണ് കഴിഞ്ഞ പതിനേഴ് വർഷങ്ങളിൽ സംഘടന നടപ്പിലാക്കിയത്. ഇതിൽ കുവൈറ്റിലെ ഗാർഹിക മേഖലയിലും അടിസ്ഥാന മേഖലയിലും ജോലി നോക്കുന്ന നിർധനരായ രോഗികൾക്കുള്ള ചികിത്സയും അവർക്കുള്ള പുനരധിവാസ സഹായവും ഒപ്പം പ്രതിമാസ തുടർചികിത്സാ സഹായപദ്ധതിയുടെ ഭാഗമായി നാട്ടിലെ നിർധനരായ രോഗികൾക്കുള്ള ചികിത്സാ സഹായവും ഉൾപ്പെടുന്നു.
സാന്ത്വനത്തിന്റെ വാർഷിക പോതുയോഗതിലെക്ക് എല്ലാ പ്രവാസി മലയാളികളുടെയും സജീവ സാന്നിധ്യവും സഹകരണവും കാംക്ഷിക്കുന്നതോടൊപ്പം പാവപ്പെട്ട രോഗികൾക്ക് വേണ്ടി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രവർത്തകർ പത്രക്കുറിപ്പിലൂടെ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി 67001038 , 6620 7064 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments