- മനസ്സുറപ്പും നിശ്ചയദാര്‍ഢ്യവും ഉണ്ടോ? വരും നാളുകളില്‍ നിങ്ങളും ഉണ്ടാകും ആദ്യ നൂറു റാങ്കുകളില്‍
- പിഎസ് സി പരീക്ഷ എഴുതി വര്‍ഷങ്ങള്‍ കാത്തിരിക്കാനുള്ള ക്ഷമയുണ്ട് മലയാളിക്ക്. എന്നാല്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്ന പരീക്ഷക്കായി ക്ഷമയോടെ ഒരു വര്‍ഷം മനസിരുത്തി തയ്യാറെടുക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല
2016ല്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് 51 പേരണ് സ്വപ്‌ന സാക്ഷാത്കാരം കൈപ്പിടിയില്‍ ഒതുക്കിയത്. അതില്‍ അഞ്ചുപേര്‍ ആദ്യ നൂറു റാങ്കിനുള്ളില്‍ തന്നെ സ്ഥാനം പിടിച്ചു എന്നതും കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാര്‍ത്ഥിക്കും പ്രചോദനം നല്‍കുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ഉദ്യോഗാര്‍ത്ഥികളെ അപേക്ഷിച്ച് നാം മലയാളികള്‍ എന്തുകൊണ്ട് സിവില്‍ സര്‍വീസ് എന്നത് ഒരു ബാലികേറാ മലയായി കാണുന്നു എന്നതാണ് ചിന്തിക്കേണ്ടത്. അടുക്കും ചിട്ടയുമുള്ള പഠനവും, നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും നേടാം സിവില്‍ സര്‍വീസ്.
ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അതുല്‍ ജെ യാണ് കേരളത്തില്‍ നിന്നുള്ള ഒന്നാമന്‍. 13ആം റാങ്കാണ് അതുല്‍ സ്വന്തമാക്കിയത്. അസാധ്യം എന്നൊരു വാക്ക് ഇല്ലെന്നാണ് അതുല്‍ പറയുന്നത്. നിശ്ചയദാര്‍ഢ്യവും ഉറച്ച വിശ്വാസവും സിവില്‍ സര്‍വീസ് നേടാന്‍ തുണയായെന്നും അതുല്‍ ഓര്‍മിപ്പിക്കുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് കാംപസ് ഇന്റര്‍വ്യൂവിലൂടെ നല്ല ഉദ്യോഗം ലഭിച്ചിട്ടും അതുല്‍ പോയില്ല. കാരണം അപ്പോഴും അതുലിന്റെ മനസ്സിലുണ്ടായിരുന്നത് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നമായിരുന്നു. രണ്ടാം തവണയായിരുന്നു അതുലിന്റെ സ്വപ്‌ന നേട്ടം. ആദ്യം പരിശീലത്തിന് പോകാതെയായിരുന്നു പരീക്ഷ എഴുതിയത്. അത് പരീക്ഷാ രീതിയെക്കുറിച്ച് മനസ്സിനാക്കാന്‍ തന്നെ സഹായിച്ചതായി അതുല്‍ പറയുന്നു. ശേഷം തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്ന് പരിശീലനം നേടി. അങ്ങനെ വ്യക്തമായ പരിശീലനത്തിലൂടെയും പ്രയത്‌നത്തിലൂടെയും അതുല്‍ കേരളത്തിന്റെ അഭിമാനമായി.
പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തന്നെയാണ് വിജയത്തിന്റെ ആദ്യ ചവിട്ടുപടി എന്നാണ് പതിനഞ്ചാം റാങ്കുകാരന്‍ സിദ്ധാര്‍ത്ഥ് ബി പറയുന്നത്. ആദ്യ തവണ പരീക്ഷ എഴുതിയപ്പോള്‍ പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും മെയിന്‍ പരീക്ഷ കിട്ടിയില്ല. അന്നുമുതല്‍ തന്നെ തന്റെ പോരായ്മകള്‍ മനസിലാക്കി പഠിക്കാന്‍ തുടങ്ങി സിദ്ധാര്‍ത്ഥ്. സിലബസ് മനസിലാക്കിയുള്ള പഠനം തന്നെ വിജയത്തിലേക്ക് എത്തിച്ചുവെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. മുന്‍കാല ചോദ്യപേപ്പറുകള്‍ സിദ്ധാര്‍ത്ഥിന് ആത്മവിശ്വാസം നല്‍കി. പഠനത്തില്‍ സാധാരണ നിലവാരം മാത്രം പുലര്‍ത്തിയിരുന്ന സിദ്ധാര്‍ത്ഥിന്റെ നേട്ടം സുഹൃത്തുക്കളെ ആദ്ഭുതപ്പെടുത്തി.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 49ആം റാങ്കും സംസ്ഥാന തലത്തില്‍ നാലാം റാങ്കും നേടിയാണ് പാലാ സ്വദേശിയായ ദിലീഷ് ശശി സിവില്‍ സര്‍വീസ് സ്വന്തമാക്കിയത. പത്താം ക്ലാസ് വരെ മലയാളം മീഡിയം പഠിച്ച ദിലീഷും വിജയക്കുറി തൊട്ടത് കഠിന പ്രയത്‌നത്തിലൂടെ തന്നെ. കൃത്യമായ തന്ത്രങ്ങളുണ്ടാക്കി ദൗര്‍ബല്യം മറികടക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തി പഠിച്ചാല്‍ വിജയം സുനിശ്ചിതം എന്നാണ് ദിലീഷിന്റെ അഭിപ്രായം. പത്രവും ആനുകാലികങ്ങളും വായിച്ച് അവ ഹൃദിസ്ഥമാക്കി വിഷയത്തില്‍ സ്വന്തം അഭിപ്രായം രൂപീകരിച്ച് പഠിക്കണമെന്ന് സിവില്‍ സര്‍വീസിനായി പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളോട് ദിലീഷ് പറയുന്നു.
Post Your Comments