കോഴിക്കോട്: കേരളാ പോലീസും മഹാരാഷ്ട്രാ തീവ്രവാദവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഒപ്പറേഷനിലൂടെ 21 മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാനായി നാടുവിട്ടു എന്ന്‍ കരുതുന്ന സംഭവത്തില്‍ വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്‍റെ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള നിര്‍ണ്ണായക വഴിത്തിരിവ്. നായിക്കിന്‍റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനിലെ (ഐആര്‍എഫ്) ഒരു സുപ്രധാന അംഗത്തെക്കൂടി മുംബൈയില്‍ നിന്ന്‍ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണിത്.
റിസ്വാന്‍ ഖാന്‍ എന്നറിയപ്പെടുന്ന ഇയാളെ മുംബൈ കല്യാണിലെ താനെയിലുള്ള സ്വവസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. റിസ്വാനെ വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കിയ ശേഷമേ അറസ്റ്റിനെപ്പറ്റിയുള്ള വിശദവിവരങ്ങളും സംഭവത്തിലുള്ള അയാളുടെ പങ്കിനെക്കുറിച്ചും എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്ന്‍ കേരള അഡീഷണല്‍ ഡിജിപി ആര്‍. ശ്രീലേഖ പറഞ്ഞു. ആലുവ ഡി.വൈ.എസ്.പി വൈ.ആര്‍. റുസ്തത്തിന്‍റെ നേതൃത്വത്തിലാണ് കേരളാപോലീസ് സംഘം മുംബൈയില്‍ എത്തിയിട്ടുള്ളത്.
ഈ സംഭവത്തില്‍ കേരളാ പോലീസ് ജൂലൈ 22-ന് അറസ്റ്റ് ചെയ്ത ഐആര്‍എഫ് അദ്ധ്യാപകന്‍ അര്‍ഷി ഖുറേഷിയോടോപ്പമാണ് റിസ്വാന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന്‍ തെളിഞ്ഞിട്ടുണ്ട്. പാലക്കാട്കാരനായ ബെക്സ്റ്റ്ന്‍ ജോസഫ് എന്ന യഹ്യയെ വിവാഹംകഴിക്കാന്‍ മറിയം എന്ന പേരില്‍ മതംമാറുകയും പിന്നീട് യഹ്യയെ അനുഗമിച്ച് സിറിയയിലേക്ക് പോയി എന്ന്‍ കരുതപ്പെടുകയും ചെയ്യുന്ന മെറിന്‍ ജേക്കബിന്‍റെ സഹോദരന്‍ എബിന്‍ ജേക്കബാണ് റിസ്വാന്‍റെ അറസ്റ്റിലേക്ക് വഴിതെളിച്ച വിവരങ്ങള്‍ കേരളാ പോലീസിന് കൈമാറിയത്.
ഇതിനിടെ, സക്കീര്‍ നായിക്കിന്‍റെ സംഘടന യുണൈറ്റഡ് ഇസ്ലാമിക് എയ്ഡ്-ഐആര്‍എഫ് എന്ന പേരില്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പിന്‍റെ ഗുണഭോക്താക്കളായ മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളെപ്പറ്റിയുള്ള അന്വേഷണം സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി ആരംഭിച്ചിട്ടുണ്ട്. 2015-ല്‍ 250 വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചതായാണ് പ്രാഥമികഅന്വേഷണത്തിലൂടെ പുറത്തുവന്ന വിവരം.
Post Your Comments