
കൊച്ചി: കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ക്ക് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി. അഭിഭാഷകയായ എസ് ലത മുഖേന ജാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മയും ഗാലിബും നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയയ്ക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യവും കായംകുളം എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഏറെ നാളായി പ്രണയത്തിലായിരുന്നു ഗാലിബും ആശയും. ജോലി തേടി ഗാലിബ് യുഎഇയിലേക്ക് പോയ സമയത്ത് ആശയ്ക്ക് വീട്ടുകാര്‍ വിവാഹം ആലോചിച്ചു. ഇക്കാര്യം ആശ ഗാലിബിനെ അറിയിച്ചു. തുടര്‍ന്ന് ഗാലിബ് നാട്ടിലെത്തി. ഇതോടെ ആശയുടെ വീട്ടുകാരും ചില ബന്ധുക്കളും പ്രശ്നമുണ്ടാക്കി. കേരളത്തില്‍ നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരമാണ് ഗാലിബും ആശയും ആലപ്പുഴയില്‍ എത്തിയത്.
ഫെബ്രുവരി 9ന് ആലപ്പുഴയില്‍ എത്തിയ ഇരുവരും ഫെബ്രുവരി 11ന് വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. ജാര്‍ഖണ്ഡില്‍ തങ്ങള്‍ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡില്‍ ലവ് ജിഹാദ് ആരോപിച്ച് ശക്തമായ പ്രതിഷേധം തുടരുകയാണ്. ദമ്പതികളെ തിരികെ കൊണ്ടുപോകാന്‍ ജാര്‍ഖണ്ഡ് പൊലീസ് കായംകുളത്ത് തമ്പടിക്കുകയാണ്.
Post Your Comments