തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ നിന്നായി 40ഓളം യുവാക്കളെയും പ്രൊഫഷണലുകളെയും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ റിക്രൂട്ട് ചെയ്ത് സിറിയയില്‍ എത്തിച്ചതായി എന്‍.ഐ.ഐ കണ്ടെത്തല്‍. ഐ.എസിനെ വെട്ടിച്ച് തിരികെ നാട്ടിലെത്തിയവരെ ചോദ്യം ചെയ്തപ്പോഴാണ് മലയാളികളുടെ വിവരങ്ങള്‍ ലഭിച്ചത്.
സംഘടനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ 23കാരനെ സിറിയയിലെ ക്യാമ്പില്‍ വെടിവച്ചുകൊന്നതായും വിവരങ്ങളുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായിരുന്ന മംഗലാപുരം ഭട്കല്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഗള്‍ഫിലിരുന്ന് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നും ഐ.എസിന്റെ ഇന്ത്യന്‍ സെല്ലിന്റെ നിയന്ത്രണവും ഇയാള്‍ക്കാണെന്നും റിപ്പോര്‍ട്ട് ഉണ്ട്
അതേസമയം, സംസ്ഥാനത്ത് നിന്ന് കാണാതായ മലയാളികളെ കണ്ടെത്താന്‍ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പാസ്‌പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. അന്വേഷണ ഏജന്‍സികള്‍ കാണാതായവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പാസ്‌പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് ഇവരുടെ യാത്രാ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇവരുടെ പ്രാഥമിക ലക്ഷ്യം. വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഇമിഗ്രേഷന്‍ ബ്യൂറോയ്ക്ക് കേന്ദ്രനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. വിസ പരിശോധന കര്‍ശനമാക്കണമെന്നും സംശയമുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഐ.എസില്‍ ചേരാനായി പോയെന്ന് സംശയിക്കുന്നവര്‍ വീട്ടുകാര്‍ക്കയച്ച സന്ദേശങ്ങള്‍ മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലുള്ള ഏക തെളിവ്. റോയുടെ കണ്ണൂര്‍ യൂണിറ്റില്‍ നിന്നുള്ള സംഘം കാസര്‍കോട് കാണാതായവരുടെ വീടുകളിലെത്തി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സംഘത്തിന് ലഭിച്ചില്ല.
കണ്ണൂര്‍, തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് കാണാതായ അഞ്ച് ദമ്പതികളും രണ്ട് കുട്ടികളുമടക്കം 18 പേര്‍ ഐ.എസില്‍ ചേര്‍ന്നുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരങ്ങള്‍. യു.എ.ഇ, സൗദിഅറേബ്യ എന്നിവിടങ്ങളിലൂടെയാണ് ഇവര്‍ സിറിയയില്‍ എത്തിയത്.
Post Your Comments