കൊച്ചി : കാറില്‍ യാത്ര ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിനു പരുക്കേറ്റു. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്ലൂര്‍ക്കാട് ഗാന്ധിനഗര്‍ എടശ്ശേരിയില്‍ വീട്ടില്‍ സിസില്‍ വര്‍ഗീസിനാണ് കൈകള്‍ക്കു പൊള്ളലേറ്റത്. സിസില്‍ വര്‍ഗീസിന്റെ കയ്യിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നവര്‍ സിസിലിന്റെ കയ്യില്‍ നിന്നു കുഞ്ഞിനെ മാറ്റിയതിനാലാണ് രക്ഷപ്പെട്ടത്. പുക ശ്വസിച്ചു കാറിലുണ്ടായിരുന്നവര്‍ക്ക് ശാരീരികാസ്വസ്ഥതയും ഉണ്ടായി.
സിസിലും കുടുംബവും ആലുവയില്‍ നിന്നു കല്ലൂര്‍ക്കാടുള്ള വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. കാറിനുള്ളില്‍ പൊടുന്നനെ പുക നിറഞ്ഞത് എവിടെ നിന്നാണെന്നു തുടര്‍ന്നു പരിശോധിക്കുന്നതിനിടെയാണ് ചെറിയ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിച്ചത്. ഉരുകി പുകഞ്ഞുകൊണ്ടിരുന്ന ഫോണ്‍ കാറിനു പുറത്തേക്ക് എറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് സിസിലിന്റെ കൈകള്‍ക്കു പൊള്ളലേറ്റത്.
കാറിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്ന പൊലീസുകാര്‍ എത്തിയെങ്കിലും ആദ്യം ഫോണെടുക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് സെസില്‍ ഫോണ്‍ കൈകൊണ്ട് എടുത്തു പുറത്തേക്കെറിഞ്ഞത്. കൈക്കു പൊള്ളലേറ്റതിനെ തുടര്‍ന്നു സിസിലിന് രാജഗിരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി. പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഒന്‍പതു മാസമായി ഉപയോഗിക്കുന്ന ഫോണ്‍ പൊടുന്നനെ പൊട്ടിത്തെറിച്ചതെങ്ങിനെയെന്നറിയില്ലെന്നു സിസില്‍ പറഞ്ഞു.
Post Your Comments