Latest NewsKeralaNews

അലന്‍വോക്കറുടെ ഷോയ്ക്കിടെ ഐഫോണുകള്‍ ഉള്‍പ്പെടെ 39മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: ബോള്‍ഗാട്ടിയിലെ അലന്‍വോക്കറുടെ സംഗീത ഷോയ്ക്കിടെ 39 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന ഡല്‍ഹി, മുംബൈ സംഘത്തിന്റെ പ്രവര്‍ത്തനരീതി പൊലീസിനെപ്പോലും അതിശയിപ്പിച്ചു. മോഷണ സംഘത്തെ തേടി കൊച്ചി പൊലീസ് ഡല്‍ഹിയില്‍ നടത്തിയത് സാഹസികനീക്കമായിരുന്നു. പ്രതികള്‍ക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലമായതിനാല്‍, ദരിയാഗഞ്ച് മേഖലയില്‍ ഡല്‍ഹി ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ അംഗങ്ങളുടെ സഹായത്തോടെയായിരുന്നു കേരള പൊലീസിന്റെ തിരച്ചില്‍.

Read Also: കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ, ആ തമാശ താനും ആസ്വദിച്ചു: കെ മുരളീധരന്‍

മുംബൈയിലെ മീരാ റോഡ് ഈസ്റ്റ് ശാന്തി പാര്‍ക്കില്‍നിന്നാണ് മറ്റൊരു സംഘത്തെ പിടികൂടിയത്. ഡല്‍ഹി സംഘത്തില്‍ നിന്ന് 20 ഫോണുകളും മുംബൈ സംഘത്തില്‍ നിന്ന് 3 ഫോണുകളും പിടിച്ചെടുത്തു. ഇതില്‍ 15 എണ്ണം ഐ ഫോണുകളാണ്

 

ഡല്‍ഹി മോഷണ സംഘത്തിന്റെ തലവനും കൊടുംകുറ്റവാളിയുമായ ദരിയാഗഞ്ചിലെ അതിഖ് ഉര്‍ റഹ്മാന്റെ വീട്ടില്‍നിന്നാണ് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. കുട്ടികളുടെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈലെന്ന് പൊലീസ് പറയുന്നു. അതിഖ് ഉര്‍ റഹ്മാന്‍ വധശ്രമം, മോഷണം അടക്കം പത്തിലേറെ കേസുകളില്‍ പ്രതിയാണ്.

ഇയാള്‍ പൊലീസ് പിടിയിലാകുന്നത് 7 വര്‍ഷത്തിനു ശേഷമാണ്. കവര്‍ച്ചയ്ക്ക് പ്രതിഫലം പണവും ലഹരി മരുന്നുമാണെന്ന് പൊലീസ് പറയുന്നു. അതിഖ് ഉര്‍ റഹ്മാന്റെ കൂട്ടാളി വസീം അഹമ്മദിനെയും പിടികൂടി. മുംബൈയില്‍ നിന്നു സണ്ണി ഭോല യാദവ് (27), ഉത്തര്‍പ്രദേശ് റാംപുര്‍ സ്വദേശി ശ്യാം ബരന്‍വാള്‍ (32) എന്നിവരെയാണു പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്യും.

സംഗീത നിശയിലെ വീഡിയോകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചശേഷം ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലായാണ് അന്വേഷണം നടത്തിയത്. മൊബൈല്‍ ഫോണ്‍ മോഷണത്തിന് കൂടുതല്‍ ഡല്‍ഹി സംഘങ്ങള്‍ എത്തിയെന്നാണ് പൊലീസിന്റെ സംശയം. സംഘത്തിലെ അംഗങ്ങള്‍ മോഷണത്തിനിടെ പരസ്പരം ആശയവിനിമയം നടത്താറില്ല.

ഈ മാസം ആറിനായിരുന്നു സംഗീത പരിപാടി. ഡല്‍ഹി സംഘത്തിലെ 4 പേരും 6ന് രാവിലെ ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തി ലോഡ്ജില്‍ താമസിച്ച ശേഷമാണ് ഷോയ്ക്ക് എത്തിയത്. മോഷണ ശേഷം ലോഡ്ജില്‍ തിരിച്ചെത്തി. പിറ്റേന്നു രാവിലെ തന്നെ ട്രെയിന്‍ മാര്‍ഗം മടങ്ങി. ഡല്‍ഹിയിലെത്തിയ ശേഷം ഫോണുകള്‍ വില്‍ക്കുന്നതിന് സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

മോഷ്ടിച്ചെടുക്കുന്ന ഫോണുകള്‍ ചാന്ദ്‌നി ചൗക്കിലെ ചോര്‍ ബാസാറിലുള്ള ചില വ്യാപാരികള്‍ക്കാണു നല്‍കുക. കൊച്ചിയിലെ മോഷണത്തിനു ശേഷം മുംബൈ സംഘം പുണെയില്‍ 18ന് നടന്ന അലന്‍വോക്കര്‍ ഷോയിലും മോഷണം നടത്തിയതിനുള്ള തെളിവുകളും ലഭിച്ചു. തുടര്‍ന്നു വിമാനത്തിലാണു പുണെയില്‍ നിന്നു മുംബൈയിലേക്കു പോയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button