കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റില്‍. കാക്കനാട് പടമുഗളില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണന്‍ (48), കിഴക്കമ്പലം സ്വദേശി ജിതിന്‍ രാജേന്ദ്രന്‍ (34) എന്നിവരാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യസുരക്ഷ എന്നിവ പരിരക്ഷിച്ചുകൊണ്ട് ഡ്രോണുകളുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഡിജിസിഎ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ക്കായി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.
സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രോണ്‍ പറക്കല്‍ ഉറപ്പാക്കാന്‍, ഡിജിസിഎയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ് യാര്‍ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന്‍ കോസ്റ്റ് ഗാര്‍ഡ്, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, ബോള്‍ഗാട്ടി, പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, പെട്രോനെറ്റ്, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, അമ്പലമുകള്‍ റിഫൈനറി, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.
കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് മാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുവാന്‍ പാടുള്ളൂ. മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ അനുമതി ഇല്ലാതെ ഡ്രോണ്‍ പറത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments