അടിമാലി: കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത് 2 കൊലപാതകങ്ങൾ. കഴിഞ്ഞ ഓഗസ്റ്റ് 11നാണ് പണിക്കൻകുടി കുരിശിങ്കലിൽ വാടക വീട്ടിൽ നിന്ന് കാണാതായ കാമാക്ഷി താമഠത്തിൽ സിന്ധുവിനെ അയൽവാസി കൊലപ്പെടുത്തിയത്. ശേഷം സെപ്റ്റംബർ 3 ന് പ്രതി മാണിക്കുന്നേൽ ബിനോയി തന്റെ വീട്ടിലെ അടുപ്പിനു കീഴെ കുഴിച്ചു മൂടിയ നിലയിൽ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ ബിനോയിയെ 8ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞ പ്രതിയെ ഒടുവിൽ പെരിഞ്ചാൻകുട്ടി വനമേഖലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ആണ് കഴിഞ്ഞ ദിവസം പുലർച്ചെ ആനച്ചാൽ ആമക്കണ്ടത്ത് 7 വയസ്സുകാരനായ റൈഹാനത്ത് മൻസിൽ റിയാസിന്റെ മകൻ ഫത്താഹ് റെയ്ഹാനെ അമ്മയുടെ സഹോദരി ഭർത്താവ് ഷാൻ മുഹമ്മദ് എന്ന പേരിൽ അറിയപ്പെടുന്ന വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി സുനിൽ കുമാർ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നത്.
ഫത്താഹിന്റെ മാതാവ് സഫിയ, സഫിയയുടെ മാതാവ് സൈനബ എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. 15 വയസ്സുള്ള ഫത്താഹ്ന്റെ സഹോദരി ആക്രമണത്തിനു ഇരയായെങ്കിലും ഇയാളിൽ നിന്ന് കുതറി ഓടിയാണ് രക്ഷപ്പെട്ടത്. കുറ്റകൃത്യം പുറം ലോകം അറിഞ്ഞ് 12 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞത് സേനയുടെ മികവിന് വീണ്ടും ലഭിച്ച അംഗീകാരമായാണ് നാട്ടുകാർ വിലയിരുത്തപ്പെടുന്നത്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും പ്രതികളെ കയ്യോടെ പിടികൂടാൻ കഴിഞ്ഞതിലും പൊലീസ് സേനയുടെ മികവ് പ്രശംസനീയമായി മാറുകയാണ്..
Post Your Comments