ഓൺലൈൻ പ്രണയങ്ങൾ മഴയത്ത് മുളയ്ക്കുന്ന കൂണുകൾ പോലെ പെറ്റു പെരുകുന്ന ഒരു സാമൂഹിക ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. പ്രണയം തെറ്റാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. അത് ആർക്കും ആരോടും എപ്പോഴും തോന്നിയെക്കാവുന്ന ഒന്നാണ്. പക്ഷെ പ്രണയിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതും ഓൺലൈൻ പ്രണയങ്ങളിൽ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏറ്റവുമധികം ആളുകൾ പറ്റിയ്ക്കപ്പെടുന്നത് സ്നേഹത്തിന്റെ പേരിലാണ്. ഏറ്റവുമധികം ആളുകൾ ആത്മഹത്യ ചെയ്യുന്നതും ഏറ്റവുമധികം ആക്രമണങ്ങൾ നടക്കുന്നതും സ്നേഹത്തിന്റെ പേരിലാണ്.
Also Read:ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ നെഗറ്റീവ് ഫലം വേണ്ട: തീരുമാനവുമായി അബുദാബി
നമ്മൾ പരിചയപ്പെടുന്ന വ്യക്തി യഥാർത്ഥത്തിൽ കൃത്യമായ ഐഡന്റിറ്റിയുള്ള ആളാണോ എന്നാണ് ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത്. ഫേക്ക് ഐഡികളിൽ ഇരുന്ന് സംസാരിക്കാൻ താല്പര്യമുള്ള മനുഷ്യരുണ്ടാവും, സാമൂഹികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ കാരണം മുഖം മൂടികളിലേക്ക് മാറ്റപ്പെട്ടവർ. അതുകൊണ്ട് പരിചയപ്പെടുന്ന വ്യക്തിയുടെ കൃത്യമായ ഐഡന്റിറ്റി നമ്മൾ അറിഞ്ഞിരിക്കണം.
പ്രണയത്തിലേക്ക് വീണ് പോകുമെന്ന തോന്നലിന് തൊട്ട് മുൻപ് നേരിൽ കാണാനും സംസാരിക്കാനുമുള്ള പക്വത നമ്മൾ കാണിക്കണം. വീഡിയോ കോളുകളോ, വോയിസ് കോളുകളോ ഒന്നും വിശ്വസിക്കാതെ നേരിൽ കണ്ട് തന്നെ സംസാരിക്കാൻ ശ്രമിക്കുക. ചോദിക്കുന്നത് കാമുകനാണെങ്കിൽ പോലും നിങ്ങൾക്ക് സുരക്ഷിതമായ ഡാറ്റകൾ മാത്രം കൈമാറുക. ചിത്രങ്ങളും മറ്റും പരമാവധി കുറയ്ക്കാൻ ശ്രമിക്കുക.
പ്രണയങ്ങൾ സംഭവിക്കുന്നത് വളരെ പെട്ടെന്നാണ്, ഒരുപക്ഷെ നമ്മൾ വിചാരിക്കാത്ത ഏതെങ്കിലും ഒരു സമയത്ത്. അതുകൊണ്ട് തന്നെ ഏതൊരു മനുഷ്യനെയായാലും കണ്ടറിഞ്ഞു മനസ്സിലാക്കിയതിനു ശേഷം മാത്രം ജീവിതത്തിലേക്ക് വരവേൽക്കുക. വീടുകളിൽ സ്വന്തം പ്രണയങ്ങൾ തുറന്നു പറയാനുള്ള ഒരു ഇടം രൂപപ്പെടുത്തുക. നിങ്ങൾക്ക് സുരക്ഷിതമെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. കൃത്യമായി എല്ലാം മനസ്സിലാക്കിയതിനു ശേഷം മാത്രം സ്വകാര്യതകളിലേക്കും മറ്റും ഉൾവലിയുക, അല്ലാത്തപ്പോഴൊക്കെ മനുഷ്യർക്കിടയിലൂടെ തന്നെ നടക്കുക. പ്രണയം ഏറ്റവും ഭംഗിയുള്ള ഒന്നാണ്. അതിനെ കൃത്യമായി തിരഞ്ഞെടുത്ത് വിനിയോഗിക്കുക.
Post Your Comments